❛ക്യാപ്റ്റൻ എന്ന നിലയിൽ എങ്ങനെ ടീമിനെ നയിക്കണമെന്ന് മെസ്സിയിൽ നിന്നും പഠിച്ചു❜

ഖത്തർ ലോകകപ്പിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും അവിടെ കിരീടം നേടിയതിനു ശേഷം ആത്മവിശ്വാസത്തിന്റെ നിറുകയിലാണ് ലൗടാരോ മാർട്ടിനസെന്ന് താരം ക്ലബിനായി നടത്തുന്ന പ്രകടനത്തിൽ നിന്നും വ്യക്തമാണ്. ലോകകപ്പിന് ശേഷം തന്റെ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തിയ താരം 2010നു ശേഷം ഒരു സീരി എ ക്ലബിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിനു ഒരൊറ്റ വിജയം മാത്രമകലെയാണ്.

എസി മിലാനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിന്റെ രണ്ടു പാദങ്ങളിലായി എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്റർ മിലാൻ വിജയം നേടിയത്. ഈ രണ്ടു മത്സരങ്ങളിൽ ഇന്നലത്തെ മത്സരത്തിൽ വിജയഗോൾ നേടിയ താരം അതിനു മുൻപത്തെ മത്സരത്തിൽ ഒരു അസിസ്റ്റും സ്വന്തമാക്കി. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലോകകപ്പ് നേട്ടവും ലയണൽ മെസിയും തന്നെ സഹായിച്ചതിനെ കുറിച്ച് താരം പറയുകയുണ്ടായി.

“ഈ സീസണിൽ ഞാൻ മാനസികമായി വളരെയധികം വളർന്നു. അതിനു സഹായിക്കുന്ന ടീമംഗങ്ങൾ എനിക്കുണ്ട്, മെസ്സിയിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, താരം എല്ലാ കാര്യങ്ങളിലും എന്നെ സഹായിച്ചു. ലോകകപ്പ് നിങ്ങളുടെ കൈകളിൽ വഹിക്കുന്നത് വലിയ കാര്യമാണ്, അവിടെ നിന്ന് നേതൃത്വത്തെക്കുറിച്ച് ഞാൻ ഒരുപാട് പഠിച്ചു. ഒരു ക്യാപ്റ്റൻ ആകുന്നത് പ്രത്യേകതയാണ്, ഇന്നത്തെ സായാഹ്നം എനിക്ക് ജീവിതകാലം മുഴുവൻ നിലനിൽക്കും.” മാർട്ടിനസ് പറഞ്ഞു.

ഇന്റർ മിലാൻ ടീമിനെ മുന്നിൽ നിന്നും നയിക്കുന്ന ലൗടാരോ മാർട്ടിനസ് അടുത്ത സീസണിൽ ടീമിന്റെ നായകനാവാനുള്ള സാധ്യതയുണ്ട്. ക്ലബിന്റെ സിഇഒ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. ഇതിനു മുൻപ് അർജന്റീന സ്‌ട്രൈക്കർ മൗറോ ഇകാർഡി ഇന്റർ മിലൻറെ നായകനായിരുന്നിട്ടുണ്ട്. ഇപ്പോൾ മറ്റൊരു അർജന്റീന താരത്തിന് കൂടി അതിനുള്ള അവസരം വന്നിരിക്കുകയാണ്.

അതേസമയം ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ലൗടാരോ മാർട്ടിനസിനെ യൂറോപ്പിലെ നിരവധി ക്ലബുകൾ നോട്ടമിട്ടു തുടങ്ങിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ നിന്നുമാന് താരത്തിന് വലിയ ഓഫറുകളുള്ളത്. അതുകൊണ്ടു തന്നെ ലൗടാരോ മാർട്ടിനസ് അടുത്ത സീസണിൽ ഇന്റർ മിലാനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പിക്കാൻ കഴിയില്ല.