ഒടുവിൽ തീരുമാനമെത്തി , ഒരു വിദേശ താരം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്ത് പോവും | Kerala Blasters

ജൂലൈ 27-ന് ഡ്യൂറണ്ട് ആരംഭിക്കുന്നതോടെ ഇന്ത്യൻ ഫുട്ബോൾ സീസണ് തുടക്കമാവുകയാണ്. പിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗിനും തുടക്കമാവും. ക്ലബ്ബുകളെല്ലാം അവരുടെ ടീമിന്റെ ശക്തി വർധിപ്പിക്കുന്നതിനായി ട്രാൻസ്ഫർ വിപണിയിൽ സജീവായി പ്രവർത്തിക്കുകായണ്‌. കേരള ബ്ലാസ്റ്റേഴ്സും വിദേശ താരങ്ങളെയടക്കം മികച്ച കളിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.

പല ക്ലബ്ബുകളും അവരുടെ ആറ് വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ അവരുടെ അന്തിമ വിദേശ താരങ്ങളുടെ പട്ടിക സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ആറ് വിദേശ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് ഉണ്ടെങ്കിലും, ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോശ്വ സൊറ്റീരിയോ, ഘാന സ്ട്രൈക്കർ ക്വാമി പെപ്ര എന്നിവരുടെ ഭാവി കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇരുവരുടെയും പ്രീ സീസൺ പ്രകടനം വിലയിരുത്തി, പരിശീലകൻ മൈക്കിൾ സ്റ്റാറെ അന്തിമ തീരുമാനം എടുക്കും എന്നാണ് മാനേജ്മെന്റിന്റെ നിലപാട്.

അതേസമയം, ഈ രണ്ട് താരങ്ങളെയും ഒരുമിച്ച് നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമില്ല എന്നും, രണ്ടിൽ ഒരാളെ ആയിരിക്കും ബ്ലാസ്റ്റേഴ്സ് നിലനിർത്തുക എന്നും വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെ, ക്വാമി പെപ്രയെ സീസൺ ലോണിന് നൽകും എന്നും, സൊറ്റീരിയോയെ ബ്ലാസ്റ്റേഴ്സ് നിലനിർത്തും എന്നും റൂമറുകൾ ഉണ്ടായിരുന്നെങ്കിലും, ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ ഇതിന് എതിരാണ്. ഓസ്ട്രേലിയൻ സ്ട്രൈക്കർക്ക് വീണ്ടും പരിക്കേറ്റതാണ് ഇതിന് കാരണം.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത സൊറ്റീരിയോക്ക്‌, പരിക്ക് മൂലം സീസൺ മുഴുവനായി നഷ്ടമായിരുന്നു. ഇപ്പോൾ വീണ്ടും താരത്തിന് പ്രീസീസണിൽ പരിക്കേറ്റതിനാൽ, അദ്ദേഹത്തിനെ നിലനിർത്താതെ, പെപ്രയെ സ്ക്വാഡിൽ നിലനിർത്താൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. പ്രീ-സീസണിലെ പെപ്രയുടെ മികച്ച പ്രകടനം കൂടി കണക്കിലെടുത്താൽ, ഈ ആഫ്രിക്കൻ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി വരും സീസണിലും ബൂട്ടണിയും.

kerala blasters
Comments (0)
Add Comment