കേരള ബ്ലാസ്റ്റേഴ്സിന്റെ ‘അസിസ്റ്റ് കിംഗ് ’ & ‘ഗോൾ കിംഗ്’ : പരസ്പരം പുകഴ്ത്തി നോഹയും പെപ്രയും | Kerala Blasters

ഡ്യൂറണ്ട് കപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക് ഔട്ടിലേക്ക് യോഗ്യത ഉറപ്പാക്കിയത്.മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴ് പോ​യ​ന്റ് ആണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. പഞ്ചാബ് എഫ്സിക്കും അതെ പോയിന്റ് ഉണ്ടെങ്കിലും മികച്ച ഗോൾ വ്യത്യാസത്തിൻ്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ജേതാക്കളായി ബ്ലാസ്റ്റേഴ്‌സ് മുന്നേറി. മൂന്നു മത്സരങ്ങളിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് 16 ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.

മുംബൈ സിറ്റിക്കെതിരെ ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സ് പഞ്ചാബിനെതിരെ ഒന്നും സി.​ഐ.​എ​സ്.​എ​ഫി​നെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോളുകൾക്കും പരാജയപ്പെടുത്തി.മൊറോക്കൻ ഫോർവേഡ് നോഹ സദോയ് ഘാന സ്ട്രൈക്കർ ക്വാമി പെപ്ര എന്നിവർ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നോഹ സദോയ് ഹാട്രിക്ക് നേടിയപ്പോൾ ഘാന സ്ട്രൈക്കർ ക്വാമി പെപ്ര ഹാട്രിക് അസിസ്റ്റ് പ്രകടനം നടത്തി. ബ്ലാസ്റ്റേഴ്‌സ് നേടിയ 7 ഗോളുകളിൽ, 3 ഗോളുകൾക്ക് വഴി ഒരുക്കിയത് പെപ്ര ആയിരുന്നു.

നോഹയും പെപ്രയും സോഷ്യൽ മീഡിയയിൽ നടത്തിയ പ്രതികരണങ്ങൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പെപ്രക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, അദ്ദേഹത്തെ ‘അസിസ്റ്റ് കിംഗ്’ എന്ന് നോഹ വിശേഷിപ്പിച്ചു. ഇതിന് മറുപടിയായി നോഹ സദോയിയെ ‘ഗോൾ കിംഗ്’ എന്നാണ് പെപ്ര വിശേഷിപ്പിച്ചത്. ഈ വാക്ക് കൈമാറ്റം, ഇരു കളിക്കാരും തമ്മിലുള്ള സൗഹൃദത്തെയും ഒത്തൊരുമയെയും ഉയർത്തി കാണിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുതിയതായി എത്തിയ നോഹ സദോയ് വളരെ പെട്ടെന്ന് തന്നെ സഹതാരങ്ങളോട് ഇണങ്ങുന്നു എന്നുകൂടി അദ്ദേഹത്തിന്റെ ഈ പ്രതികരണങ്ങളിൽ പ്രകടമാകുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് സന്തോഷം നൽകുന്നതാണ്. മൈതാനത്ത് പുറമേയും മൈതാനത്തും താരങ്ങൾ തമ്മിലുള്ള ബന്ധം ഒരു ടീമിന് വളരെ നിർണായകമാണ്. മൈതാനത്തെ കോമ്പിനേഷൻ കൃത്യമാണെങ്കിൽ മാത്രമേ കളി മെച്ചപ്പെടുകയുള്ളൂ. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ ആണ് കളിക്കുന്നത്.