കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്ന മിന്നുന്ന പ്രകടനവുമായി ക്വാമേ പെപ്ര | Kerala Blasters
ഡ്യൂറാന്‍ഡ് കപ്പിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എതിരില്ലാത്ത എട്ടു ഗോളിനാണ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്. വയനാട് ദുരന്തത്തില്‍ അനുശോചിച്ച് കറുത്ത ബാന്‍ഡ് അണിഞ്ഞായിരുന്നു ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കളിച്ചത്. ഇത് വയനാടിനായെന്ന ക്യാപ്ഷനോടെയാണ് ബ്ലാസ്റ്റേഴ്സ് വിജയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ബ്ലാസ്റ്റേഴ്സിനായി ക്വാമി പെപ്രയും ഈ സീസണില്‍ ടീമിലെത്തിയ നോഹ സദോയിയും ഹാട്രിക്ക് നേടി. ഇഷാന് പണ്ഡിത ഇരട്ട ഗോളുമായി തിളങ്ങി. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. കഴിഞ്ഞ സീസണിൽ ടീമിലെത്തിയെങ്കിലും മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്ന ക്വാമേ പെപ്രയുടെ പ്രകടനം അത്ഭുതപെടുത്തുന്നതായിരുന്നു, ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് മുന്നോടിയായായി ബ്ലാസ്റ്റേഴ്സ് ലോണിൽ അയക്കാൻ തീരുമാനിച്ച താരം കൂടി ആയിരുന്നു പെപ്ര.
📊 Kwame Peprah in his last five matches for Kerala Blasters 👇
— KBFC XTRA (@kbfcxtra) August 1, 2024
Goals: 6
Assist: 1#KBFC pic.twitter.com/9bDgsSdbPb
കഴിഞ്ഞ സീസണിൽ ഫോം വീണ്ടെടുത്ത് എന്ന് തോന്നിച്ച നിമിഷത്തിൽ പരിക്കേൽക്കുകയും പിന്നീടൊരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ കഴിഞ്ഞില്ല.ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ കളിച്ച 12 കളികളിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് പെപ്രയുടെ സമ്പാദ്യം. സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങളിൽ ഇരുപത്തിമൂന്നുകാരൻ രണ്ട് ഗോളുകൾ നേടി. ജോഷുവ സോറ്റിരിയോ,പെപ്ര എന്നിവരിൽ ഒരാളെ മാത്രം ബ്ലാസ്റ്റേഴ്സ് നിലനിർത്തുകയുള്ളു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. പരിക്കേറ്റ സോറ്റിരിയോയെ ക്ലബ് ഒഴിവാക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.
പ്രീ സീസണിലും കഴിഞ്ഞ മത്സരത്തിലും പെപ്ര മികച്ച പ്രകടനമാണ് പുറത്തെടുത്തത്.കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം നേടിയിട്ടുള്ളത്.പ്രീ സീസണിൽ മൂന്ന് ഗോളുകൾ നേടിയ അദ്ദേഹം ഇന്നലെ മൂന്നു ഗോളുകൾ കൂടി നേടുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഗോൾ കണ്ടെത്താൻ വിഷമിച്ചിരുന്ന പെപ്ര ഇത്തവണ മികച്ച് നിൽക്കുകയാണ്. ഘാന താരം ഫോം തുടരുകയാണെങ്കിൽ പുതിയൊരു വിദേശ സ്ട്രൈക്കർ എന്ന പദ്ധതി ബ്ലാസ്റ്റേഴ്സ് വേണ്ട എന്ന് വെക്കാനുള്ള സാധ്യത കാണുന്നുണ്ട്.