മൂന്നാം പ്രീസീസൺ മത്സരത്തിൽ വമ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

മൂന്നാം പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. തായ്‌ലൻഡിൽ നടന്ന മത്സരത്തിൽ, തായ് പ്രീമിയർ ലീഗ് ക്ലബ്ബ് ആയ രച്ചാബുരി എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. പ്രീ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാമത്തെ വിജയമാണിത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്.

മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി രണ്ട് മലയാളി താരങ്ങൾ ഗോൾ വല കുലുക്കി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ നേടിയത് ലക്ഷദ്വീപ് മിഡ്ഫീൽഡർ മുഹമ്മദ് അയ്‌മൻ ആണ്. ശേഷം, ഘാന സ്ട്രൈക്കർ ക്വാമി പെപ്ര കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ രണ്ട് ആക്കി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പുതിയ സൈനിങ്‌ ആയ, മിസോറാം മിഡ്ഫീൽഡർ ലാൽത്തൻമാവിയ റെൻത്ലെയ് ആണ് രച്ചാബുരി എഫ്സിക്കെതിരെ മഞ്ഞപ്പടയുടെ മൂന്നാമത്തെ ഗോൾ നേടിയത്.

ഏറ്റവും ഒടുവിൽ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ ഡിഫൻഡറും തിരൂർ സ്വദേശിയുമായ മുഹമ്മദ് സഹീഫ്, മഞ്ഞപ്പടക്ക് വേണ്ടി നാലാം തവണയും രച്ചാബുരി എഫ്സിയുടെ ഗോൾവല കുലുക്കി. ശ്രീ സീസണിൽ മുഹമ്മദ് സഹീഫ് നേടുന്ന രണ്ടാമത്തെ ഗോൾ ആണ് ഇത്. നേരത്തെ, സമൂത പ്രകാൻ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് 3-1 ന് പരാജയപ്പെടുത്തിയപ്പോൾ ഒരു ഗോൾ മുഹമ്മദ് സഹീഫിന്റെ വക ആയിരുന്നു.

എന്തുതന്നെയായാലും, ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസണിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിനും ആധികാരികമായ വിജയം സ്വന്തമാക്കി. ഓഗസ്റ്റ് 1-നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. പ്രീ സീസൺ മത്സരങ്ങൾക്ക് ശേഷം, തായ്‌ലൻഡ് വിടുന്ന കേരള ബ്ലാസ്റ്റേഴ്സ് പിന്നീട് ഇന്ത്യയിൽ പരിശീലനം ആരംഭിക്കും. പ്രീ സീസണിലെ മൂന്നാം മത്സരത്തിൽ തായ്‌ലൻഡിലെ ടോപ്പ് ക്ലബ്ബുകളിൽ ഒന്നിനെ പരാജയപ്പെടുത്തിയത് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.