പുതിയ പരിശീലകന് കീഴിൽ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും | Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഐഎസ്എൽ 2024-25 പ്രീസീസൺ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. തായ്ലൻഡിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പ്രീ സീസൺ സെഷനിൽ ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തായ്ലൻഡിൽ പരിശീലനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ്, ഇന്ന് അവരുടെ ആദ്യ പ്രീ സീസൺ മത്സരത്തിൽ തായ് ഫുട്ബോൾ ക്ലബ്ബ് ആയ പട്ടായ യുണൈറ്റഡ് എഫ്സിയെ നേരിടും.
പട്ടാന സ്പോർട് ക്ലബ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം, ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:30-ന് ആരംഭിക്കും. 2023-24 സീസണിൽ തായ് 2 ലീഗിൽ 7-ാം സ്ഥാനത്താണ് പട്ടായ യുണൈറ്റഡ് എഫ്സി ഫിനിഷ് ചെയ്തത്. മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് ഇല്ലെങ്കിലും, ലൈവ് അപ്ഡേറ്റ്സ് കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെക്കും. ഈ പരിശീലന മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് വളരെ ഗൗരവത്തോടെ ആണ് കാണുന്നത്.
അതേസമയം, ചില താരങ്ങൾക്ക് ഈ മത്സരങ്ങൾ അവരുടെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഓസ്ട്രേലിയൻ ഫോർവേർഡ് ജോശ്വ സൊറ്റീരിയോ, ഗാന ഫോർവേഡ് ക്വാമി പെപ്ര എന്നിവർക്ക് കേരള ബ്ലാസ്റ്റേഴ്സിലെ അവരുടെ ഭാവി തീരുമാനിക്കുന്നതിൽ ഈ പ്രീ സീസൺ മത്സരങ്ങൾ നിർണായക പങ്കുവഹിക്കും. ഇരുവരുടെയും കോൺട്രാക്ട് എക്സ്റ്റൻഷൻ ഇതുവരെ കൺഫോം ചെയ്തിട്ടില്ല.
പുതിയ പരിശീലകനായി നിയമിതനായ, മൈക്കിൾ സ്റ്റാറെക്ക് ഇരുവരുടെയും പ്രകടനം മതിപ്പ് ഉളവാക്കിയെങ്കിൽ മാത്രമേ ഇരുവരും കേരള ബ്ലാസ്റ്റേഴ്സിൽ തുടരുകയുള്ളൂ. അതേസമയം, പുതിയതായി ചുമതലയേറ്റ മൈക്കിൾ സ്റ്റാറെക്ക് കളിക്കാരുമായി കൂടുതൽ അടുക്കാനും, പരീക്ഷണങ്ങൾ നടത്താനും ഈ പ്രീ സീസൺ മത്സരങ്ങൾ സഹായകരമാകും. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, പരിക്കേറ്റ് പുറത്തിരിക്കുന്ന ഗോൾകീപ്പർ സച്ചിൻ സുരേഷ് എന്നിവർ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല.