യൂറോപ്യൻ താരങ്ങൾ ആവശ്യപ്പെടുന്ന ഭീമൻ ശമ്പളം നല്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കില്ല | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സ്ട്രൈക്കറുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. പരിചയസമ്പന്നനായ, അതോടൊപ്പം മികച്ച ഫോമിൽ തുടരുന്ന ഒരു യൂറോപ്പ്യൻ താരത്തെ ആണ് തങ്ങൾ തേടുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൽ സ്റ്റാഹെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒരു ടോപ് ടയർ ലീഗിൽ നിന്ന് യൂറോപ്യൻ താരത്തെ ഇന്ത്യയിൽ എത്തിക്കുക എന്ന കാര്യം വെല്ലുവിളി നിറഞ്ഞതാണ് എന്ന് സ്റ്റാഹെ സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും അതിനുവേണ്ടി പരിശ്രമിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആരാധകർക്ക് ഉറപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെ നിരവധി പ്രമുഖ താരങ്ങളുടെ പേരുകൾ കേരള ബ്ലാസ്റ്റേഴ്‌സ്മായി ബന്ധപ്പെട്ട് പറഞ്ഞു കേൾക്കുകയും ചെയ്തിരുന്നു. മോന്റിനെഗ്രോ ദേശീയ ടീം ക്യാപ്റ്റനും, കഴിഞ്ഞ സീസണിലെ യുവേഫ കോൺഫറൻസ് ലീഗ് ചാമ്പ്യനും ആയിരുന്ന സ്റ്റീവൻ ജോവെറ്റിക്കിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് രണ്ട് തവണയാണ് ഓഫർ നൽകിയത്. എന്നാൽ, ഇത് സ്വീകരിക്കാൻ മുൻ മാഞ്ചസ്റ്റർ സിറ്റി താരം തയ്യാറായില്ല.

യൂറോപ്യൻ താരങ്ങൾ ആവശ്യപ്പെടുന്ന ഭീമൻ സാലറി ഐഎസ്എൽ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന് നൽകാൻ സാധിക്കില്ല എന്നതാണ് മികച്ച യൂറോപ്യൻ താരങ്ങളെ എത്തിക്കാൻ സാധിക്കാതെ പോകുന്നതിന്റെ പ്രധാന കാരണം. എന്നാൽ, ഇപ്പോൾ സൗത്ത് അമേരിക്കൻ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് സമീപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ ജേണലിസ്റ്റ് മാർക്കസ് മെർഗുൽഹാവോ റിപ്പോർട്ട് ചെയ്യുന്നു. “കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് പേരുമായി (വിദേശ സ്ട്രൈക്കർമാർ) സംസാരിച്ചതായി എനിക്ക് അറിയാൻ സാധിച്ചു. ഇവരിൽ രണ്ട് പേർ അർജന്റീനിയൻ താരങ്ങളും മറ്റൊരാൾ ജർമൻ താരവും ആണ്. അവരിൽ ഒരാൾ കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗിൽ കളിച്ചു,” മാർക്കസ് പറഞ്ഞു.

ലഭ്യമായ വിവരത്തിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കാത്തതിനാൽ, ആരാകും കേരള ബ്ലാസ്റ്റേഴ്സിൽ എത്തുക എന്നതിനെക്കുറിച്ച് പറയാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സ്ട്രൈക്കർക്കു വേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നതിനൊപ്പം ആരാധകരുടെ കാത്തിരിപ്പും നീളുകയാണ്.