പരിശീലക സ്ഥാനത്ത് നിന്നും മൈക്കൽ സ്റ്റാഹ്‌റെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്‌റെയ്‌ക്കൊപ്പം അസിസ്റ്റൻ്റുമാരായ ജോൺ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെ പുറത്താക്കി. കഴിഞ്ഞ ആറ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് തീരുമാനം.

പുതിയ മുഖ്യ പരിശീലകനെ സമയബന്ധിതമായി പ്രഖ്യാപിക്കുമെന്ന് ക്ലബ് അറിയിച്ചു.ഐഎസ്എല്ലിൽ 12 കളികളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോൽവിയും സഹിതം 11 പോയന്റുമായി 10ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.ബെംഗളൂരു എഫ്.സിക്കും മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനുമെതിരായ അവസാനം നടന്ന രണ്ടുമാച്ചിലും ടീം തോറ്റിരുന്നു. ബെംഗളൂരുവിനെതിരായ തോൽവിക്ക് പിന്നാലെ ക്ലബിനെതിരെ ആരാധക കൂട്ടമാണ് മഞ്ഞപ്പട പരസ്യമായി രംഗത്തെത്തിയിരുന്നു.

“കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയ്‌ക്കൊപ്പമുള്ള സമയത്തിലുടനീളം നൽകിയ സംഭാവനകൾക്ക് ക്ലബ്ബ് മൈക്കൽ, ബിയോൺ, ഫ്രെഡറിക്കോ എന്നിവരോട് ആത്മാർത്ഥമായി നന്ദി പറയുന്നു. അവരുടെ ഭാവി ശ്രമങ്ങളിൽ വിജയമല്ലാതെ മറ്റൊന്നും ഞങ്ങൾ ആശംസിക്കുന്നു,” ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു.ക്ലബ് സെർബിയൻ ഇവാൻ വുകോമാനോവിച്ചുമായി വേർപിരിയാൻ തീരുമാനിച്ചതിന് ശേഷം ഈ വർഷം മെയ് മാസത്തിലാണ് സ്വീഡിഷ് പരിശീലകനെ നിയമിച്ചത്.

സ്താഹെയുടെ കീഴിൽ 12 ഐഎസ്എൽ മത്സരങ്ങളിൽ ഏഴിലും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. അവർ മൂന്ന് ജയവും രണ്ട് സമനിലയും നേടി, 19 തവണ സ്‌കോർ ചെയ്യുകയും 24 ഗോളുകൾ വഴങ്ങുകയും ചെയ്തു, ഇത് ലീഗിലെ ഏറ്റവും മോശം പ്രകടനമാണ്.”പുതിയ നിയമനം സ്ഥിരീകരിക്കുന്നത് വരെ, കെബിഎഫ്‌സിയുടെ റിസർവ് ടീം ഹെഡ് കോച്ചും യൂത്ത് ഡെവലപ്‌മെൻ്റ് മേധാവിയുമായ ടോമാസ് ടോർസും അസിസ്റ്റൻ്റ് കോച്ചുമായ ടിജി പുരുഷോത്തമനും ഫസ്റ്റ് ടീമിനെ നിയന്ത്രിക്കുന്ന ചുമതല ഏറ്റെടുക്കും,” മാനേജ്‌മെൻ്റ് അറിയിച്ചു.

കഴിഞ്ഞ 3 സീസണുകളിൽ തുടർച്ചയായി ടീമിനെ പ്ലേ ഓഫിലെത്തിച്ചിട്ടും സ്ഥാനം ഒഴിയേണ്ടിവന്ന സെർബിയൻ കോച്ച് ഇവാൻ വുക്കോമനോവിച്ചിനെ തിരിച്ചുവിളിക്കണമെന്ന മുറവിളി ആരാധകരിൽ നിന്നുയർന്നു വരികയാണ്.