കൊച്ചിയിൽ വെച്ച് ചെന്നൈയിനെ തകർത്തെറിഞ്ഞ് കരുത്ത് തെളിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമിനാസ്. നോഹ, രാഹുൽ എന്നിവരാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.
ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളൊന്നും നേടാൻ സാധിച്ചില്ല. 17 ആം മിനുട്ടിൽ ജീസസിന്റെ ഗോൾശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. അതിനിടയിൽ സച്ചിന്റെ മികച്ച സേവും കാണാൻ സാധിച്ചു.നോഹയും ജീസസും ലൂണായും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം വീണില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടതോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. 49 ആം മിനുട്ടിൽ ബോക്സിൻ്റെ ഇടതുവശത്ത് നിന്ന് നോഹ സദൗയി എടുത്ത വലത് കാൽ ഷോട്ട് പുറത്തേക്ക് പോയി. തൊട്ടു പിന്നാലെ അഡ്രിയാൻ ലൂണയും ഷോട്ടും പഴായിപ്പോയി. 56 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ബ്ലാസ്റ്റേഴ്സിന്റെ ഗോൾ മെഷീൻ സ്പാനിഷ് ഫോർവേഡ് ജെസൂസ് ജിമെനെസ് ആണ് ചെന്നൈയിൻ വലയിൽ പന്ത് എത്തിച്ചത്.
70 മാം മിനുട്ടിൽ നോഹ സദൗയി നേടിയ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡുയർത്തി. അഡ്രിയാൻ ലൂണയുടെ അസ്സിസ്റ്റിൽ നിന്നുമുള്ള നോഹ് സദൗയി ഇടത് കാൽ ഷോട്ട് ചെന്നൈയിൻ വലയിൽ കയറി. രണ്ടു ഗോൾ വീണതോടെ ചെന്നൈ ഉണർന്നു കളിക്കുകയും നിരവധി അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോളാക്കാൻ സാധിച്ചില്ല. 85 ആം മിനുട്ടിൽ നോഹ സദൗയിയുടെ ബോക്സിന് പുറത്ത് നിന്ന് വലത് കാൽ ഷോട്ട് പുറത്തേക്ക് പോയി. ഇഞ്ചുറി ടൈമിൽ രാഹുൽ കെപി ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടി. താരത്തിന്റെ സീസണിലെ ആദ്യ ഗോളാണിത്.