വിമർശകർക്ക് മറുപടി നൽകിയ ഗോളുമായി രാഹുൽ കെപിയുടെ ശക്തമായ തിരിച്ചു വരവ് | Kerala Blasters

ചെന്നൈയിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയപ്പോൾ, യഥാർത്ഥത്തിൽ കൊച്ചി സാക്ഷ്യം വഹിച്ചത് രണ്ട് തിരിച്ചുവരവുകൾക്കാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി മൂന്ന് പരാജയങ്ങൾ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്, ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ചെന്നൈയിനെ പരാജയപ്പെടുത്തി വിജയ വഴിയിൽ തിരിച്ചെത്തി. മറ്റൊന്ന്, ഗോൾ ചാർട്ടിലേക്കുള്ള മലയാളി താരം രാഹുൽ കെപിയുടെ തിരിച്ചുവരമായിരുന്നു.

മത്സരത്തിന്റെ 62-ാം മിനിറ്റിൽ കോറോ സിംഗിന്റെ പകരക്കാരനായിയാണ് രാഹുൽ മൈതാനത്ത് എത്തിയത്. അന്നേരം കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന്റെ ലീഡിൽ ആയിരുന്നു. ശേഷം 70-ാം മിനിറ്റിൽ നോഹയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് ഉയർത്തിയപ്പോൾ, അതിന് പിറകിൽ രാഹുലിന്റെ ബൂട്ടുകളും ഉണ്ടായിരുന്നു. ഒടുവിൽ, 90+2 ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ഗോൾ രാഹുൽ നേടുകയും ചെയ്തു. നോഹ നൽകിയ മനോഹരമായ പാസ് രാഹുൽ ഗോൾവലയിൽ എത്തിക്കുകയായിരുന്നു.

ഇതോടെ, ഇന്ത്യൻ സൂപ്പർ ലീഗിലെ തന്റെ ഒന്നര വർഷത്തെ ഗോൾ വരൾച്ചക്കാണ് രാഹുൽ വിരാമം കുറിച്ചത്. 2023 ഫെബ്രുവരിയിലെ ചെന്നൈയിനെതിരെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾ നേടിയ ശേഷം, വീണ്ടും ഒരു ഐഎസ്എൽ ഗോൾ നേട്ടം രാഹുൽ ആഘോഷിക്കുന്നത് കഴിഞ്ഞ ദിവസമാണ്. 2023-24 സീസണിൽ ഒരു ഗോൾ പോലും രാഹുലിന് നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ സ്വന്തം കാണികൾക്ക് മുന്നിൽ ഗോൾ നേടിയിട്ടും, അത് ആഘോഷിക്കാൻ രാഹുൽ തയ്യാറായില്ല. 

നേരത്തെ ഒരു അഭിമുഖത്തിൽ, തന്റെ മോശം സമയത്ത് ആരാധകരിൽ നിന്ന് നേരിട്ട രൂക്ഷ വിമർശനങ്ങളെക്കുറിച്ച് രാഹുൽ പ്രതികരിച്ചിരുന്നു. ഇത് അംഗീകരിക്കാൻ ആകില്ല എന്നുവരെ അദ്ദേഹം തുറന്നു പറയുകയുണ്ടായി. അതുകൊണ്ടായിരിക്കണം ഗോൾ നേട്ടം വിമർശകർക്കുള്ള തന്റെ മറുപടി എന്ന നിലയ്ക്ക് രാഹുൽ നൽകിയത്. അതേസമയം ബ്ലാസ്റ്റേഴ്സിലെ അദ്ദേഹത്തിന്റെ സഹതാരങ്ങൾ എല്ലാവരും തന്നെ ഈ ഗോൾ രാഹുലിനൊപ്പം ആഘോഷിച്ചു. മാത്രമല്ല, കൊച്ചിയിലെ ആരാധക കൂട്ടം “രാഹുൽ രാഹുൽ.. “ എന്ന് ഉറക്കെ വിളിച്ച് തങ്ങളുടെ സന്തോഷം പങ്കുവെച്ചു.