‘മഞ്ഞപടക്കൊപ്പം ഗ്രൗണ്ടിൽ ആഘോഷിക്കാനായി ഞാൻ കാത്തിരിക്കുകയാണ്’ : ആദ്യ പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ സൈനിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ ശരിവെക്കുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഖ്യാപനം. ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്. 32-കാരനായ കോഫ് ലീഗ് 2 ക്ലബ്ബായ കെയ്നിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. ഒരു വർഷത്തെ കോൺട്രാക്ടിൽ ആണ് താരത്തെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്.

ക്ലബ്‌ വിട്ട സെർബിയൻ സെന്റർ ബാക്ക് മാർക്കോ ലെസ്ക്കോവിക്കിന്റെ പകരക്കാരനായി ആണ് കേരള ബ്ലാസ്റ്റേഴ്സ് അലക്സാണ്ടർ കോഫിനെ സൈൻ ചെയ്തിരിക്കുന്നത്. സെന്റർ ബാക്ക്, ഡിഫൻസീവ് മിഡ്ഫീൽഡർ, റൈറ്റ് ബാക്ക് എന്നീ പൊസിഷനുകളിൽ കളിക്കാൻ പ്രാപ്തനായ താരമാണ് അലക്സാണ്ടർ കോഫ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ അഞ്ചാം നമ്പർ ജേഴ്സി ആയിരിക്കും താരം അണിയുക. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതിനെ കുറിച്ച് കോഫ് ആദ്യ പ്രതികരണം നടത്തി.

“മുഴുവൻ മഞ്ഞപ്പടയ്ക്കും എന്റെ നമസ്കാരം, ഈ ഊഷ്മളമായ സ്വാഗതത്തിന് നന്ദി, എൻ്റെ കരിയറിൽ ഞാൻ ഇത് വളരെ അപൂർവമായേ അനുഭവിച്ചിട്ടുള്ളൂ, നിങ്ങളോടൊപ്പം ഗ്രൗണ്ടിൽ ആഘോഷിക്കാനായി ഞാൻ കാത്തിരിക്കുകയാണ്. ഉടൻ തന്നെ കാണാം,” കോഫ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം അറിഞ്ഞുള്ള പ്രതികരണമാണ് താരം ഇപ്പോൾ നടത്തിയിരിക്കുന്നത്. അദ്ദേഹം ഉടൻതന്നെ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരും.

ഫ്രഞ്ച് ക്ലബ്ബ് ലെൻസ്, സ്പാനിഷ് ക്ലബ്ബുകൾ ആയ ഗ്രാനഡ, മയ്യോർക്ക തുടങ്ങിയ പ്രമുഖ ടീമുകൾക്ക് വേണ്ടിയെല്ലാം കളിച്ചിട്ടുള്ള താരമാണ് അലക്സാണ്ടർ കോഫ്. ഇതോടെ വരും സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ 2 വിദേശ താരങ്ങൾ അലക്സാണ്ടർ കോഫും, മിലോസ് ഡ്രിൻസിക്കും ആയിരിക്കും.