ലക്ഷ്യം ജയം മാത്രം ,ഐസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ജംഷെഡ്പുര്‍ എഫ്‌സി പോരാട്ടം | Kerala Blasters

എസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇന്ന് ജംഷെഡ്പുര്‍ എഫ്‌സിയെ നേരിടും. മത്സരം ജംഷഡ്പൂരിലെ ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടക്കും. കിക്ക്-ഓഫ് സമയം 7:30 IST ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നിലവിൽ 11 കളികളിൽ ആറ് ജയവുമായി ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ജംഷഡ്പൂർ. ജയിച്ചാൽ അവർക്ക് നാലാം സ്ഥാനത്തെത്തും.

കേരള ബ്ലാസ്റ്റേഴ്സിന് 13 കളികളിൽ നിന്ന് വെറും നാല് വിജയങ്ങൾ മാത്രം നേടി പത്താം സ്ഥാനത്താണ്.ഐഎസ്എൽ 2024-25 സീസൺ മികച്ച രീതിയിൽ തുടങ്ങിയ രണ്ട് ക്ലബ്ബുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും. ഇരു ടീമുകളും സീസണിൽ കളിച്ച ആദ്യ അഞ്ച് മത്സരങ്ങളിൽ ഒരു പരാജയം മാത്രമാണ് നേരിട്ടത്. ജംഷഡ്പൂർ കളിച്ച ആദ്യ അഞ്ച് മത്സരങ്ങളിൽ നാലിലും വിജയിച്ചപ്പോൾ, ഒരു തോൽവിക്ക് പുറമേ രണ്ട് വിജയവും രണ്ട് സമനിലയും ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ അഞ്ച് കളികളിലെ ഫലം. എന്നാൽ, പിന്നീട് നേരിട്ട് തുടർ പരാജയങ്ങൾ ഇരു ടീമുകളെയും പിന്നോട്ട് വലിച്ചു.

നിലവിൽ, 11 കളികളിൽ നിന്ന് 6 വിജയങ്ങളും 5 പരാജയങ്ങളും ഉൾപ്പെടെ 18 പോയിന്റുകൾ സമ്പാദ്യമുള്ള ജംഷഡ്പൂർ, പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. അതേസമയം, 13 കളികൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് നാല് വിജയങ്ങളും രണ്ട് സമനിലയും 7 പരാജയങ്ങളും ഉൾപ്പെടെ 14 പോയിന്റുകളുമായി പത്താം സ്ഥാനത്താണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും നേർക്കുനേർ വന്ന ചരിത്രം പരിശോധിച്ചാൽ, അൽപ്പം മുൻതൂക്കം മഞ്ഞപ്പടക്കാണ്. ഇതുവരെ 16 തവണ ഐഎസ്എല്ലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്.

അവയിൽ 5 കളികൾ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ, 3 വിജയങ്ങൾ മാത്രമാണ് ജംഷഡ്പൂരിന് നേടാൻ സാധിച്ചത്. 8 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. നേർക്കുനേർ വന്ന മത്സരങ്ങളിൽ, കേരള ബ്ലാസ്റ്റേഴ്സ് 20 ഗോളുകൾ സ്കോർ ചെയ്തപ്പോൾ, 19 ഗോളുകൾ ജംഷഡ്പൂരും നേടി. ജംഷഡ്പൂർ എഫ്‌സി തങ്ങളുടെ മുൻ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയോട് 0-1ന് തോറ്റിരുന്നു. മൊഹമ്മദൻ എസ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അവസാന മത്സരത്തിൽ 3-0 ന് ജയിച്ചു.