വരുന്നത് ഇറ്റലിയിൽ നിന്നും , പുതിയ പരിശീലകനെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ പുതിയ മുഖ്യ പരിശീലകനെ നിയമിക്കാനുള്ള ആക്കം കേരള ബ്ലാസ്റ്റേഴ്സ് വർദ്ധിപ്പിച്ചിരിക്കുകയാണ്. ഐഎസ്എൽ പ്ലേഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായതിന് പിന്നാലെ, പുതിയ ഹെഡ് കോച്ചിന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ വേഗത്തിൽ ആയിരുന്നു. ഇപ്പോൾ ഇതിന്റെ ഫലം കണ്ടെത്തിയതായി ആണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

വരാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഹെഡ് കോച്ചിനെ നിയമിക്കുമെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐഎസ്എല്ലിൽ മുൻപരിചയമുള്ള ചില വിദേശ പരിശീലകരുടെ പേര് കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെടുത്തി പറഞ്ഞു കേട്ടിരുന്നെങ്കിലും, ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം വിദേശ ലീഗിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ കണ്ടെത്തിയിരിക്കുന്നത്.

30 വർഷത്തോളം പരിശീലകനായി അനുഭവസമ്പത്തുള്ള ഇറ്റാലിയൻ പരിശീലകൻ ജിനോ ലെറ്റീരിയെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തതായി ആണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 1997 മുതൽ പരിശീലകൻ ആയി സേവനം അനുഷ്ഠിക്കുന്ന ലെറ്റീരി, ഇതിനോടകം വിവിധ ജർമ്മൻ ക്ലബ്ബുകളെയും, പോളിഷ്, ലിത്വാനിയ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2024 മുതൽ തായ്‌ലൻഡ് ക്ലബ്ബ് മുവാങ്തോങ് യുണൈറ്റഡിന്റെ പരിശീലകനാണ് ജിനോ ലെറ്റീരി. അദ്ദേഹത്തിന്റെ സേവനം കേരള ബ്ലാസ്റ്റേഴ്സ് ഉറപ്പിച്ചതായി നിലവിൽ റിപ്പോർട്ടുകൾ ലഭിക്കുന്നു.

അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഷോർട്ട്ലിസ്റ്റ് ചെയ്ത പരിശീലകരുടെ കൂട്ടത്തിൽ ജിനോ ലെറ്റീരി മുൻപന്തിയിൽ നിൽക്കുന്നുണ്ടെങ്കിലും, മറ്റു ചില പേരുകളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച്‌ 24-നകം കേരള ബ്ലാസ്റ്റേഴ്സ് പുതിയ മുഖ്യ പരിശീലകനെ പ്രഖ്യാപിക്കും എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെ അറിയാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.