ഡ്യൂറൻഡ് കപ്പിന്റെ ആദ്യ മത്സരത്തിനായി കഠിന പരിശീലനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

വ്യാഴാഴ്ച കിഷോർ ഭാരതി സ്റ്റേഡിയത്തിൽ നടക്കുന്ന ഡുറാൻഡ് കപ്പിൻ്റെ ഉദ്ഘാടന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയിലേക്ക് പോകും. പുതുതായി നിയമിതനായ മാനേജർ മൈക്കൽ സ്റ്റാഹ്രെ തൻ്റെ ടീമിനെ മത്സരത്തിനായി എങ്ങനെ സജ്ജീകരിക്കുന്നുവെന്ന് കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

സ്വീഡിഷ് അസിസ്റ്റൻ്റ് കോച്ച് ജോൺ വെസ്‌ട്രോം, പോർച്ചുഗീസ് സെറ്റ് പീസ് കോച്ച് ഫ്രെഡറിക്കോ മൊറൈസ് എന്നിവരെയും സ്വീഡിഷ് കോച്ച് പരിശീലക ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഡുറാൻഡ് കപ്പിനായി നോഹ സദൗയും മറ്റു താരങ്ങളും പരിശീലനത്തിൽ ഏർപ്പെട്ടു.മൊറോക്കൻ വിംഗറിനൊപ്പം ആരാധകരുടെ പ്രിയപ്പെട്ട അഡ്രിയാൻ ലൂണയും ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാറൊപ്പിട്ട മിലോസ് ഡ്രിൻസിക്കും പരിശീലനത്തിൽ ഉണ്ടായിരുന്നു.അടുത്തിടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, കേരള ബ്ലാസ്റ്റേഴ്സും തങ്ങളുടെ ശ്രദ്ധ ഇനി വരാനിരിക്കുന്ന ഡ്യൂറൻഡ് കപ്പിലാണ് എന്ന് പ്രഖ്യാപിച്ചു.

താരങ്ങളായ ഡാനിഷ് ഫാറൂഖ്, രാഹുൽ കെപി, പ്രബീർ ദാസ് എന്നിവർ കഠിന പരിശീലനത്തിലാണുള്ളത്.ടൂർണമെൻ്റിലെ ഏറ്റവും ദുഷ്‌കരമായ ഗ്രൂപ്പുകളിലൊന്നായ ഗ്രൂപ്പ് സിയിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്.ഗ്രൂപ്പ് സിയിൽ മൂന്ന് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമുകൾ ഉൾപ്പെടുന്നു-മുംബൈ സിറ്റി എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, പഞ്ചാബ് എഫ്‌സി എന്നിവയ്‌ക്കൊപ്പം ഇന്ത്യൻ ആംഡ് ഫോഴ്‌സ് ടീമായ സിഐഎസ്എഫ് പ്രൊട്ടക്‌ടേഴ്‌സ് കളിക്കും.

2021ൽ ടൂർണമെൻ്റിൽ അരങ്ങേറ്റം കുറിച്ച ശേഷം ഇത് നാലാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കുന്നത്.ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല.2022 പതിപ്പിൽ, മൊഹമ്മദൻ എസ്‌സിയോട് 0-3ന് തോറ്റതിന് ശേഷം പുറത്ത് പോയി.കഴിഞ്ഞ വർഷം ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്തെത്തിയ ബ്ലാസ്റ്റേഴ്സിന് നോക്കൗട്ടിൽ കടക്കാനായില്ല. ഓഗസ്റ്റ് ഒന്നിന് മുംബൈ സിറ്റിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഓഗസ്റ്റ് നാലിന് പഞ്ചാബിനെയും പത്തിന് സിഐഎസ്എഫിനേയും നേരിടും.