പ്രതിരോധം കാക്കാൻ കിടിലൻ ഫ്രഞ്ച് താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രതിരോധ നിരയിലേക്ക് പുതിയ വിദേശ താരത്തെ എത്തിച്ചിരിക്കുന്നു. ടീം വിട്ട ക്രൊയേഷ്യൻ ഡിഫൻഡർ മാർകോ ലെസ്കോവിക്കിന് പകരം യൂറോപ്പിൽ നിന്ന് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ്. ഫ്രഞ്ച് താരം അലക്സാണ്ടർ കോഫിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.

32-കാരനായ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തതായി ഐഎഫ്ടി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല. അതേസമയം, ഫ്രഞ്ച് താരത്തിന്റെ അടുത്ത ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് ആയിരിക്കും എന്ന് ട്രാൻസ്ഫർ രംഗത്തെ വിവിധ മാധ്യമങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 32-കാരനായ അലക്സാണ്ടർ കോഫ്, ഫ്രഞ്ച് ക്ലബ്ബുകൾ ആയ ലെൻസ്‌, ബ്രെസ്റ്റ്, ഇറ്റാലിയൻ ക്ലബ് ഉഡിനിസി, സ്പാനിഷ് ക്ലബ്ബുകൾ ആയ ഗ്രനാഡ, മല്ലോർക്ക എന്നിവക്ക് വേണ്ടി എല്ലാം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ലീഗ് 2 ക്ലബ്ബ് ആയ Caen-ന് വേണ്ടിയാണ് അലക്സാണ്ടർ കോഫ് കളിച്ചത്. ഫ്രാൻസ് അണ്ടർ 16, അണ്ടർ 17, അണ്ടർ 18, അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ടീമുകളുടെ ഭാഗമായിട്ടുള്ള അലക്സാണ്ടർ കോഫ്, ഫ്രഞ്ച് സീനിയർ ദേശീയ ടീമിൽ കളിച്ചിട്ടില്ല. ക്ലബ്ബ് കരിയറിൽ 14 വർഷത്തെ അനുഭവ സമ്പത്തുള്ള അലക്സാണ്ടർ കോഫ്, കേരള ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കും.

സെന്റർ ബാക്ക്, ഡിഫൻസീവ് മിഡ്ഫീൽഡർ എന്നീ പൊസിഷനുകളിൽ കളിക്കാൻ അനുയോജ്യനായ താരമാണ് അലക്സാണ്ടർ കോഫ്. താരത്തിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഉടൻതന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അലക്സാണ്ടർ കോഫ് ടീമിൽ എത്തുന്നതോടെ നിലവിലെ സ്‌ക്വാഡിൽ വിദേശ കളിക്കാരുടെ എണ്ണം പൂർത്തിയാകും.