ആദ്യ ഐഎസ്എൽ മത്സരത്തിൽ സ്റ്റേഡിയം കപ്പാസിറ്റി പകുതിയായി കുറച്ച് കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഈ സീസണിലെ ആദ്യ ഐഎസ്എൽ മത്സരത്തിൽ സ്റ്റേഡിയം കപ്പാസിറ്റി പകുതിയായി കുറച്ച് കേരള ബ്ലാസ്റ്റേഴ്സ്. മത്സരം നടക്കുന്നത് തിരുവോണ ദിനമായതിനാലാണ് തീരുമാനമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. സെപ്റ്റംബർ 15 ന് കൊച്ചിയിലാണ് ആദ്യമത്സരം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പഞ്ചാബിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ കളി.
കേരളത്തിലുടനീളമുള്ള തിരുവോണ ആഘോഷങ്ങളുടെ വെളിച്ചത്തിൽ സെപ്റ്റംബർ 15-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൻ്റെ ശേഷി 50% ആയി പരിമിതപ്പെടുത്തുമെന്ന് ക്ലബ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച ചെയ്തതിന് ശേഷമാണ് ഈ തീരുമാനമെടുത്തത്.സ്റ്റേഡിയം സ്റ്റാഫുകള്‍ അടക്കമുള്ളവരുടെ ജോലി മത്സരം തുടങ്ങുന്നതിനും മുമ്പേ ആരംഭിക്കുമെന്നും, തലേ ദിവസം രാത്രിയില്‍ തുടങ്ങുന്ന ജോലി മത്സര ശേഷവും അര്‍ധരാത്രിയോളം നീളുമെന്നും, സ്റ്റേഡിയം കപ്പാസിറ്റി കുറയ്ക്കുന്നതിലൂടെ ഈ തൊഴിലാളികളുടെ ജോലി ഭാരം ലഘൂകരിക്കുവാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
🚨𝐂𝐋𝐔𝐁 𝐒𝐓𝐀𝐓𝐄𝐌𝐄𝐍𝐓🚨#KBFC #KeralaBlasters pic.twitter.com/UOvDXF0qjv
— Kerala Blasters FC (@KeralaBlasters) September 13, 2024
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പതിനൊന്നാം സീസണിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ എസ്ജിയും മുംബൈ സിറ്റി എഫ്സിയും ഏറ്റുമുട്ടിയതോടെ തുടക്കമായി.ഓപ്പണിങ് മത്സരം ആവേശകരമായ സമനിലയിൽ അവസാനിച്ചിരിക്കുകയാണ്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് നേടിയത്.മത്സരത്തിന്റെ 9-ാം മിനിറ്റിൽ മുംബൈ സിറ്റി ഡിഫൻഡർ ടിരിയുടെ സെൽഫ് ഗോളിലൂടെ മോഹൻ ബഗാൻ സ്കോർ ബോർഡ് തുറന്നു. 28-ാം മിനിറ്റിൽ ഡിഫൻഡർ ആൽബർട്ടോ റോഡ്രിഗസ് മോഹൻ ബഗാന് വേണ്ടി രണ്ടാമത്തെ ഗോൾ കണ്ടെത്തി.70-ാം മിനിറ്റിൽ മുംബൈ സിറ്റി ആദ്യ ഗോൾ തിരിച്ചടിച്ചു.
തന്റെ പിഴവിലൂടെ തന്റെ ടീം വഴങ്ങിയ ആദ്യ ഗോളിന് മറുപടി എന്നോണം, ടിരി തന്നെയാണ് മുംബൈ സിറ്റിക്ക് വേണ്ടി ആദ്യം ലക്ഷ്യം കണ്ടത്. 2-1 ന് മത്സരം അവസാനിക്കും എന്ന് തോന്നിപ്പിച്ചെങ്കിലും, കളിക്കളത്തിൽ അവസാന മിനിറ്റിൽ പകരക്കാരനായി എത്തിയ താഇർ ക്രൗമ 90-ാം മിനിറ്റിൽ മോഹൻ ബഗാന്റെ വിജയ പ്രതീക്ഷ തല്ലിക്കെടുത്തി മുംബൈ സിറ്റിക്ക് സമനില ഗോൾ നേടിക്കൊടുത്തു.