ഡ്യുറണ്ട് കപ്പ് കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫ്രഞ്ച് താരം അലക്സാണ്ടർ കോഫ് എത്തുന്നു | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ഫോറിൻ സൈനിങ്‌ ആയ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. അലക്സാണ്ടർ കോഫിനെ സൈൻ ചെയ്ത കാര്യം പ്രഖ്യാപിച്ച കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് അദ്ദേഹത്തെ സംബന്ധിച്ച കാര്യങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ, ഡ്യുറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ആശയ കുഴപ്പം ഉണ്ടാക്കി. നേരത്തെ മൊറോക്കൻ ഫോർവേഡ് നോഹ സദൗയിയെ സൈൻ ചെയ്തതായി ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ, അദ്ദേഹം ടീമിനൊപ്പം ചേർന്നിരുന്നു. എന്നാൽ, അലക്സാണ്ടർ കോഫ് എന്നാണ് ടീമിനൊപ്പം ചേരുക എന്ന സംശയം മഞ്ഞപ്പട ആരാധകർക്ക് ഇടയിൽ ചർച്ച ചെയ്യപ്പെടുന്ന ഈ വേളയിൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ഈ വാരം അവസാനമോ, അടുത്ത ആഴ്ച ആദ്യമോ അലക്സാണ്ടർ കോഫ് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരും എന്ന് വിവിധ ഇന്ത്യൻ സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം അദ്ദേഹം കൊച്ചിയിലേക്ക് ആയിരിക്കില്ല എത്തിച്ചേരുക. നിലവിൽ ഡ്യുറണ്ട് കപ്പിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ എത്തുന്ന അലക്സാണ്ടർ കോഫ് ആദ്യം ലാൻഡ് ചെയ്യുക കൊൽക്കത്തയിൽ ആയിരിക്കും.

നാളെ (ഓഗസ്റ്റ് 10) കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യുറണ്ട് കപ്പിലെ മൂന്നാമത്തെ മത്സരം നടക്കും. സിഐഎസ്എഫ് പ്രൊടെക്ടെഴ്സിനെതിരെ ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിച്ചാൽ, അവർക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിക്കും. അങ്ങനെ സംഭവിച്ചാൽ വരും റൗണ്ടിൽ അലക്സാണ്ടർ കോഫ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം കുറിക്കും എന്നാണ് കരുതപ്പെടുന്നത്. നിലവിൽ 5 വിദേശ സൈനിംഗ് ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഒരു താരത്തെ കൂടി എത്തിക്കാനുണ്ട്.