ലാ ലീഗയിൽ നിന്നും യുവ സ്പാനിഷ് സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ശ്രമവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ രംഗത്ത് സജീവമാണെങ്കിലും, ഒരു മികച്ച വിദേശ സ്ട്രൈക്കറെ ടീമിൽ എത്തിക്കാൻ ഇതുവരെ മാനേജ്മെന്റിന് സാധിച്ചിട്ടില്ല. മൊറോക്കൻ ഫോർവേഡ് നോഹ സദൗയിയെ ടീമിൽ എത്തിച്ച ബ്ലാസ്റ്റേഴ്സ്, ഇനി ലക്ഷ്യം വെക്കുന്നത് ക്ലബ്‌ വിട്ട ദിമിത്രിയോസ് ഡയമന്റകോസിന്റെ പകരക്കാരനെയാണ്.

കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ അടിച്ചുകൂട്ടിയ ദിമി ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെ, വലിയ ഒരു വിടവാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ കാണപ്പെടുന്നത്. ഈ വിടവ് നികത്താനായി ഒരു യൂറോപ്യൻ സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കും എന്ന് വിവിധ സോഴ്സുകളിൽ നിന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതിനായി ബ്ലാസ്റ്റേഴ്സ് ഒന്നിലധികം താരങ്ങളുമായി ചർച്ചയിൽ ആണെന്നും ട്രാൻസ്ഫർ ലോകത്തെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ പട്ടികയിൽ ഉൾപ്പെടുന്ന ഒരാളാണ്സ്പാനിഷ് ഫോർവേഡ് ആൻഡ്രെസ് മാർട്ടിൻ. നിലവിൽ സ്പാനിഷ് ക്ലബ്ബ് റയോ വല്ലേക്കാനോയുടെ താരമാണ് ആൻഡ്രെസ് മാർട്ടിൻ. 2019-ൽ റയോ വല്ലേക്കാനോ, സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ആയ സെഗുണ്ട ഡിവിഷനിൽ കളിക്കുന്ന സമയത്താണ് ആൻഡ്രെസ് മാർട്ടിനെ 5 വർഷത്തെ കോൺട്രാക്ടിൽ സൈൻ ചെയ്തത്. പിന്നീട്, റയോ വല്ലേക്കാനോ ലാലിഗയിലേക്ക് പ്രമോട്ട് ആയതോടെ ആൻഡ്രെസ് മാർട്ടിന് ടീമിൽ ഇടമില്ലാതായി. കഴിഞ്ഞ സീസണിൽ റേസിംഗ് സാന്റാണ്ടറിന് വേണ്ടി ലോൺ അടിസ്ഥാനത്തിലാണ് ആൻഡ്രെസ് മാർട്ടിൻ കളിച്ചത്.

ഇപ്പോൾ, ലോൺ കാലാവധിക്ക് ശേഷം 25-കാരനായ താരം റയോ വല്ലേക്കാനോയിൽ തന്നെ തിരിച്ചെത്തിയിരിക്കുന്നു. സ്പെയിൻ അണ്ടർ 21 ടീമിന് വേണ്ടി കളിച്ചിട്ടുള്ള ആൻഡ്രെസ് മാർട്ടിനെ ടീമിൽ എത്തിക്കാൻ സാധിച്ചാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ ഒരു മുതൽക്കൂട്ടാകും. സൂപ്പർപവർ ഫുട്ബോൾ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തത് പ്രകാരം, കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഏജന്റുമായി സംസാരിച്ചിട്ടുണ്ട്.

അതേസമയം, ആൻഡ്രെസ് മാർട്ടിന്റെ നിലവിലെ മാർക്കറ്റ് വാല്യൂ ഏതാണ്ട് 10 കോടി രൂപയോളം വരും. ഈ സാഹചര്യത്തിൽ താരത്തെ ലോൺ അടിസ്ഥാനത്തിൽ എത്തിക്കാൻ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. എന്നിരുന്നാലും, കേരള ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തെ കൂടാതെ മറ്റു ചില താരങ്ങളുമായും ബന്ധപ്പെടുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. അതേസമയം, ഒരു പ്രമുഖ യൂറോപ്പ്യൻ താരത്തെ തന്നെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുക എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.