‘ആദ്യ പകുതിയിൽ മികച്ചു നിന്നെങ്കിലും രണ്ടാം പകുതിയിലാണ് കളി കൈവിട്ടു പോയത്’ : കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ടിജി പുരുഷോത്തമൻ | Kerala Blasters

ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) മനോളോ മാർക്വേസിന്റെ എഫ്‌സി ഗോവയോട് 2-0 ന് പരാജയപ്പെട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ താൽക്കാലിക മുഖ്യ പരിശീലകൻ ടി ജി പുരുഷോത്തമൻ അതൃപ്തി പ്രകടിപ്പിച്ചു.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം രണ്ട് പകുതികളുടെ കഥയായിരുന്നു. ആദ്യ പകുതി ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നെങ്കിലും രണ്ടാം പകുതിയിൽ കാര്യമായ തിരിച്ചടികൾ ഉണ്ടായി. തുടക്കത്തിൽ, ടീം അവരുടെ ഗെയിം പ്ലാൻ ഫലപ്രദമായി നടപ്പിലാക്കി, എന്നാൽ ഏകാഗ്രതയിലെ കുറവ് രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ ഒരു ഗോൾ വഴങ്ങുന്നതിലേക്ക് നയിച്ചു.ടീമിന്റെ മധ്യനിര നിയന്ത്രണം വീണ്ടെടുക്കാൻ പാടുപെട്ടപ്പോൾ, അപ്രതീക്ഷിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നതോടെ 73-ാം മിനിറ്റിൽ അവർക്കെതിരെ മറ്റൊരു ഗോൾ പിറന്നു, ഒടുവിൽ തോൽവി ഉറപ്പിച്ചു.

ബ്ലാസ്റ്റേഴ്സിന്റെ തുടക്കം താരതമ്യേന മികച്ചതായിരുന്നുവെന്ന് പരിശീലകൻ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, പ്രകടനത്തിൽ സ്ഥിരത നിലനിർത്താൻ കഴിയാത്തത് രണ്ടാം പകുതിയിൽ പ്രകടമായിരുന്നു.”ആദ്യ പകുതിയിൽ മത്സരം മികച്ചതായിരുന്നു, രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ ഗോൾ വഴങ്ങി. അവിടെ നിന്നും ഞങ്ങളുടെ മധ്യനിരയിൽ അവസരങ്ങൾ ഒന്നും ഉണ്ടായില്ല. മധ്യനിരയിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് വീണ്ടും ഞങ്ങൾ ഗോൾ വഴങ്ങിയതോടെ എല്ലാം അവസാനിച്ചു. രണ്ടാം പകുതിയിലാണ് അത് സംഭവിച്ചത്, ആദ്യ പകുതിയിൽ എന്താണ് പ്ലാൻ ചെയ്തതെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ടായിരുന്നു. അത് കൃത്യവുമായിരുന്നു. പക്ഷെ രണ്ടാം പകുതിയിൽ കൈവിട്ടുപോയി” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

“രണ്ട് മൂന്ന് കളിക്കാരുടെ കാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായതോടെ, അവരെ മാറ്റാൻ ഞങ്ങൾ നിർബന്ധിതരായി. അത് ഞങ്ങളുട പ്ലാനുകൾക്കെതിരായിരുന്നു. എവേ മത്സരങ്ങൾ കളിക്കുമ്പോൾ അത് സംഭവിക്കാറുണ്ട്, പ്രൊഫെഷണൽ കളിക്കാരനെന്ന നിലയിൽ ഇതെല്ലം മറികടന്ന് എവേ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാറുള്ളത് സ്വാഭാവികമാണ്,” പുരുഷോത്തമൻ കൂട്ടിച്ചേർത്തു.

“അടുത്ത മാസം ഒന്നാം തീയതി ജാംഷഡ്പൂർ എഫ്‌സിക്കെതിരെ മറ്റൊരു മത്സരം കൂടിയുണ്ട്, അതിനാൽ ഞങ്ങൾ അതിനായി പദ്ധതിയിടുകയാണ്. നമ്മൾ തിരിച്ചുവരണം, നമ്മുടെ ബാഡ്ജിനായി കളിക്കണം, നമ്മുടെ ആരാധകർക്കായി കളിക്കണം, നമ്മുടെ ടീമിനായി കളിക്കണം. നമ്മൾ ആരാണെന്ന് നമ്മൾ നിലനിർത്തണം, എല്ലാ സാഹചര്യങ്ങളിലൂടെയും കടന്നുപോയി വിജയികളായി പുറത്തുവരണം. അത്രമാത്രം,” അദ്ദേഹം പറഞ്ഞു.