‘ഗോളുകൾ നേടാൻ അദ്ദേഹം കാത്തിരിക്കുകയാണ്’ : മൊറോക്കൻ ഫോർവേഡ് നോഹ സദോയിയെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കിൾ സ്റ്റാഹെ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യത്തെ വിദേശ സൈനിംഗ് ആയിരുന്നു മൊറോക്കൻ ഫോർവേഡ് നോഹ സദോയ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവ എഫ്സി-യുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച നോഹ സദോയിയെ എത്തിച്ചതിലൂടെ തങ്ങളുടെ ആക്രമണനിര മികച്ചതാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോളുകൾ അടിച്ചുകൂട്ടിയ താരമാണ് നോഹ സദോയ്.

ഇതിന്റെ തുടർച്ച എന്നോണം കേരള ബ്ലാസ്റ്റേഴ്സിലും താരം തുടക്കം ഗംഭീരമാക്കി. ഡ്യുറണ്ട് കപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ 6 ഗോളുകൾ നേടിയ നോഹ സദോയ്, ടൂർണമെന്റിന്റെ ഗോൾഡൻ ബൂട്ട് വിന്നർ ആയി മാറിയിരുന്നു. ഇത് ശുഭ സൂചനയാണ് കേരള ബ്ലാസ്റ്റേഴ്സിന് നൽകുന്നത്. ഇക്കാര്യമാണ് ഇപ്പോൾ പരിശീലകൻ മൈക്കിൾ സ്റ്റാഹെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ഐഎസ്എൽ മീഡിയ ഡേയിൽ സംസാരിക്കവേ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ നോഹ സദോയിയെ കുറിച്ച് വാചാലനായി.

ഗോളുകൾ നേടാൻ അദ്ദേഹം കാത്തിരിക്കുകയാണ് എന്ന് പറഞ്ഞ പരിശീലകൻ, ശരീരം സംരക്ഷിക്കുന്നതിലും കളി മെച്ചപ്പെടുത്തുന്നതിലും നോഹ എടുക്കുന്ന കഠിനാധ്വാനത്തെ പ്രശംസിക്കുകയും ചെയ്തു. “നോഹ സദൗയി ഗോളുകൾ നേടാൻ ഉത്സുകനാണ്, ഒരു കളിക്കാരന് പ്രധാനമായ തൻ്റെ ശരീരം ഫിറ്റ്നസ് നിലനിർത്താൻ അവൻ ഉത്സുകനാണ്, അവൻ കഠിനാധ്വാനം ചെയ്യുന്നു. ആക്രമിക്കുന്ന എല്ലാ കളിക്കാർക്കും നല്ല പിന്തുണ ആവശ്യമാണ്,ഇത് ഒന്നോ രണ്ടോ കളിക്കാരെക്കുറിച്ചല്ല, ഇത് വിദേശ കളിക്കാരെക്കുറിച്ചല്ല, ടീമിനെക്കുറിച്ചാണ്,” പരിശീലകൻ പറഞ്ഞു.

അഡ്രിയാൻ ലൂണ, ജീസസ് ജിമിനെസ് എന്നിവർക്കൊപ്പം ചേർന്ന് നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിന്റെ വേഗത വർദ്ധിപ്പിക്കുകയും, ആക്രമണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്യും എന്നുതന്നെയാണ് ക്ലബ്ബിന്റെയും ആരാധകരുടെയും പ്രതീക്ഷ. അങ്ങനെ സംഭവിക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ മികച്ച പ്രകടനം നടത്താൻ സാധിക്കും.