കൊൽക്കത്തയിൽ ചെന്ന് മോഹൻ ബഗാനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് നേടിയ ലോകോത്തര ഗോളിൽ മോഹൻ ബഗാനെ കീഴടക്കി ഐഎസ്എൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. മത്സരത്തിന്റെ ഒൻപതാം മിനുട്ടിലാണ് ദിമിയുടെ ഗോൾ പിറക്കുന്നത്. വിജയത്തോടെ ബ്ലാസ്റ്റേഴ്സിന് 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റായി.9 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ഗോവയാണ് രണ്ടാം സ്ഥാനത്ത്.

മുംബൈക്കെതിരായി കളിച്ച ടീമിൽ നിന്നും ഒരു മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. പരിക്കേറ്റ വിബിൻ മോഹനന്റെ പകരമായി അസ്ഹർ ടീമിലെത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. നാലാം മിനുട്ടിൽ ഡയമന്റകോസ് തൊടുത്ത ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. ഏഴാം മിനുട്ടിൽ രാഹുൽ കെപിയും അസ്ഹറും ചേർന്നുള്ള മികച്ചൊരു മുന്നേറ്റ കാണാൻ സാധിച്ചു.ഒന്പതാം മിനുട്ടിൽ മനോഹരമായ ഗോളിലൂടൊ ഗ്രീക്ക് സ്‌ട്രൈക്കർ ഡയമന്റകോസ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.

പന്തുമായി മൂന്ന് മോഹൻ ബഗാൻ കളിക്കാരെ ഡ്രിബിൾ ചെയ്ത മുന്നേറിയ ഡയമന്റകോസ് ടൈറ്റ് ആംഗിളിൽ നിന്നും തകർപ്പൻ ലെഫ്റ്റ് ഫൂട്ട് ഷോട്ടിലൂടെ മോഹൻ ബഗാൻ വാല കുലുക്കി. ഗോൾകീപ്പർ കൈതിന് ഒരവസരവും നൽകാതെയാണ് ഡയമന്റകോസ് ഷോട്ടെടുത്തത്. 35 ആം മിനുട്ടിൽ ഗോൾ കീപ്പർ വിശാൽ കൈത് വരുത്തിയ പിഴവിൽ നിന്നും ലീഡുയർത്താനുള്ള അവസരം പെപ്രക്ക് ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല.രാഹുലിന്റെ ഷോട്ട് ചെറിയ വ്യത്യാസത്തിൽ പുറത്ത് പോവുകയും ചെയ്തു. ആദ്യ പകുതിയിൽ സമ്പൂർണ ആധിപത്യം പുലർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു. മോഹൻ ബഗാന് ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും എടുക്കാൻ സാധിച്ചില്ല.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിക്കുന്ന മോഹൻ ബഗാനെയാണ് കാണാൻ സാധിച്ചത്. 54 ആം മിനുട്ടിൽ രാഹുലിന്റെ ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. സമനില ഗോളിനായി മോഹൻ ബഗാൻ കഠിനമായി ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പാറ പോലെ ഉറച്ചു നിന്നു.ഇഞ്ചുറി ടൈമിൽ ലീഡുയർത്താൻ രാഹുലിന് അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് മോഹൻ ബഗാൻ കീപ്പർ തടുത്തിട്ടു.