ഡ്യൂറൻഡ് കപ്പിനുള്ള ഈസ്റ്റ് ബംഗാൾ ടീമിൽ ആറ് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ | East Bengal

ഡ്യുറണ്ട് കപ്പ് 2024 ഇപ്പോൾ ആവേശകരമായി പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 1-ന് മുംബൈ സിറ്റിക്കെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഡ്യുറണ്ട് കപ്പ് മത്സരം. ഇന്ന് (ജൂലൈ 29) നടക്കുന്ന മത്സരത്തിൽ, ഈസ്റ്റ് ബംഗാൾ – ഇന്ത്യൻ എയർഫോഴ്സിനെ നേരിടും. കഴിഞ്ഞ ഐഎസ്എൽ സീസണുകളിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് ഈസ്റ്റ് ബംഗാൾ എത്തുന്നത്.

പ്രതിപാദനരും പ്രമുഖരുമായ നിരവധി ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളെയും ഈസ്റ്റ് ബംഗാൾ ഇത്തവണ സ്ക്വാഡിൽ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ മറ്റു ഐഎസ്എൽ ക്ലബ്ബുകളിൽനിന്ന് സ്വന്തമാക്കാൻ ആണ് ഈസ്റ്റ് ബംഗാൾ കൂടുതൽ പ്രാധാന്യം നൽകിയത്. ഇതിന്റെ ഫലമായി ജീക്സൺ സിംഗ്, ദിമിത്രിയോസ് ഡയമന്റകോസ് എന്നിവരെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് സ്വന്തമാക്കാനും ഈസ്റ്റ്‌ ബംഗാളിന് സാധിച്ചു.

നിലവിലെ ഈസ്റ്റ് ബംഗാൾ സ്ക്വാഡിൽ, 6 മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിലൂടെ സീനിയർ കരിയർ ആരംഭിച്ച റൈറ്റ് ബാക്ക് മുഹമ്മദ് റാകിപ്, കേരള ബ്ലാസ്റ്റേഴ്സിലൂടെ ഇന്ത്യൻ ഫുട്ബോളിൽ ശ്രദ്ധിക്കപ്പെട്ട ഗോൾകീപ്പർ പ്രഭ്ഷുഖാൻ സിംഗ്, മൂന്ന് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഫുൾ ബാക്ക് നിഷു കുമാർ എന്നിവർ നിലവിൽ ഈസ്റ്റ് ബംഗാൾ സ്ക്വാഡിൽ അംഗങ്ങളാണ്.

കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിൽ കളിക്കുകയും, സീനിയർ ടീമിലേക്ക് പ്രമോഷൻ നേടുകയും ചെയ്തെങ്കിലും, ഒരു മത്സരം പോലും മഞ്ഞപ്പടക്ക് വേണ്ടി കളിക്കാൻ സാധിക്കാതെ പോയ മണിപ്പൂരി വിങ്ങർ നവോറം മഹേഷ് സിംഗ്, ഇന്ന് ഈസ്റ്റ് ബംഗാളിന്റെ വൈസ് ക്യാപ്റ്റൻ ആണ്. ഇവർക്ക് പുറമേ ആണ് കഴിഞ്ഞ അഞ്ചു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡിലെ നിർണായക സാന്നിധ്യമായിരുന്ന ജീക്സൺ സിംഗിനെയും, കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ സ്കോറർ ആയ ദിമിത്രിയോസ് ഡയമന്റകോസിനെയും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരിക്കുന്നത്.