വിജയകുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ ഗോവക്കെതിരെ ഇറങ്ങുന്നു | Kerala Blasters

തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ചെന്നൈയിൻ എഫ്‌സിക്കെതിരെ 3-0ന് വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഐഎസ്എല്ലിൽ നെഹ്‌റു സ്റ്റേഡിയത്തിൽ എഫ്‌സി ഗോവയെ നേരിടുമ്പോൾ അതേ ഫോർമുല ഉപയോഗിക്കാനാണ് ശ്രമിക്കുക.“മുമ്പത്തെ ഗെയിമിലെ അതേ ഊർജ്ജവും അതേ പ്രവർത്തന നൈതികതയും നിലനിർത്താൻ ഞങ്ങൾ ശ്രമിക്കും”ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്രെ ബുധനാഴ്ച പറഞ്ഞു.

ഗോവ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കരുത്തരായ ബംഗളുരുവിനെയും പഞ്ചാബിനെയും പരാജയപ്പെടുത്തി, എന്നാൽ അത് അന്താരാഷ്ട്ര ഇടവേളയ്ക്ക് മൂന്നാഴ്ച മുമ്പ് ആയിരുന്നു.ആ കുതിപ്പ് നിലനിർത്താൻ ടീമിന് കഴിയുമോയെന്നത് നാളെ കാണാൻ സാധിക്കും.സീസണിലെ ആദ്യത്തെ ഒൻപത് മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്ന് ജയവും രണ്ട് സമനിലയും നാല് തോൽവികളുമായി 11 പോയിന്റുകളോടെ ലീഗിൽ ഒൻപതാം സ്ഥാനത്താണ് കേരളം. എഫ്‌സി ഗോവ ആകട്ടെ, എട്ട് മത്സരങ്ങളിൽ നിന്നും മൂന്ന് വീതം ജയവും സമനിലയും രണ്ട് തോൽവിയുമായി 12 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.

കേരള ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ 16 മത്സരത്തിൽ അവർ കൊച്ചിയിൽ ഗോളടിച്ചിട്ടുണ്ട്. ഒപ്പം, ഈ സീസണിലെ എല്ലാ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് ഗോളുകൾ നേടിയിട്ടുണ്ട്. കരുത്തരായ ജീസസ് ജിമെൻസ് – അഡ്രിയാൻ ലൂണ – നോഹ സദൗയി ത്രയത്തിലാണ് ടീമിന്റെ പ്രതീക്ഷ. ഈ സീസണിൽ നേടിയ 15 ഗോളുകളിൽ 11 എണ്ണവും ജിമെൻസിൽ നിന്നും സദൗയിൽ നിന്നുമാണ് പിറന്നത്. പരിക്കിൽ നിന്നും മുക്തനായ അഡ്രിയാൻ ലൂണ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

സ്പാനിഷ് സ്‌ട്രൈക്കർ ജീസസ് തുടർച്ചയായ ആറ് മത്സരങ്ങളിൽ അദ്ദേഹം ഗോളുകൾ നേടി. ഇത്രയധികം മത്സരങ്ങളിൽ തുടച്ചയായി സ്കോർ ചെയ്ത മറ്റൊരു താരം ടീമിന്റെ ചരിത്രത്തിലില്ല. 7 ഗോളോടെ ലീഗിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമത്.ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരു ടീമുകളും ഇതുവരെ 20 തവണ നേർക്കുനേർ വന്നിട്ടുണ്ട്. അതിൽ 11 മത്സരങ്ങളിൽ എഫ്‌സി ഗോവ ജയം കണ്ടെത്തി. അഞ്ചെണ്ണത്തിൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് ജയം കണ്ടെത്താൻ സാധിച്ചിട്ടുള്ളു. നാലെണ്ണം സമനിലയിലായി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി vs എഫ്‌സി ഗോവ സാധ്യത ഇലവൻ :

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ലൈനപ്പ്: സച്ചിൻ സുരേഷ്, നവോച്ച സിംഗ് ഹുയ്‌ഡ്രോം, ഹോർമിപാം റൂയിവ, മിലോസ് ഡ്രിൻസിച്ച്, സന്ദീപ് സിംഗ്, വിബിൻ മോഹനൻ, ഫ്രെഡി ലല്ലാവ്മ, കെ സിംഗ് തിങ്കുജം, അഡ്രിയാൻ ലൂണ, ജീസസ് ജിമെനെസ്, നോഹ സദൗയി

എഫ്‌സി ഗോവ ലൈനപ്പ്: ഹൃതിക് തിവാരി, ബിഎസ് തങ്‌ജം, ഒഡെ ഒനൈന്ത്യ, സന്ദേശ് ജിംഗം, ആകാശ് സാങ്‌വാൻ, സാഹിൽ തവോറ, ആയുഷ് ഛേത്രി, മുഹമ്മദ് യാസിർ, ഇകർ ഗുരോത്‌ക്‌സേന, ദേജാൻ ഡ്രാസിക്, അർമാൻഡോ സാദികു