കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം : ഇഷാൻ പണ്ഡിതയും ജീസസ് ജിമിനസും ടീമിലേക്ക് മടങ്ങിയെത്തുന്നു | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയെ സംബന്ധിച്ച് ആരാധകർക്കിടയിൽ ഇപ്പോൾ ആശങ്കകൾ പ്രചരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഒഡീഷയിൽ പോയ ഫോർവേഡ് രാഹുൽ കെപിക്ക്‌ പകരം കേരള ബ്ലാസ്റ്റേഴ്സ് മറ്റാരെങ്കിലെയും സ്‌ക്വാഡിൽ എത്തിക്കുമോ എന്ന ആകാംക്ഷ ആരാധകർക്കിടയിൽ ജനിക്കുമ്പോൾ, ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ ഫോർവേഡ് ഇഷാൻ പണ്ഡിതയുമായി ബന്ധപ്പെട്ട് ഒരു വാർത്ത പുറത്തുവരികയുണ്ടായി.

നിലവിൽ പരിക്കിന്റെ പിടിയിൽ ആയി മൈതാനത്തിന് പുറത്ത് തുടരുന്ന ഇഷാൻ പണ്ഡിത, പുരോഗമിക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കും എന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്. ഈ സീസണിൽ പരിക്കു മൂലം ഒരു ഐഎസ്എൽ മത്സരം പോലും കളിക്കാൻ സാധിക്കാത്ത ഇഷാൻ പണ്ഡിത, കേരള ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യതയുണ്ട് എന്ന് ചില കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക്

ആശ്വാസം നൽകുന്ന റിപ്പോർട്ട് ആണ് ഇഷാൻ പണ്ഡിതയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇന്ത്യൻ സ്പോർട്സ് ജേണലിസ്റ്റ് ആയ മാർക്കസ് മെർഗുൽഹാവോ റിപ്പോർട്ട് ചെയ്തത് പ്രകാരം, അടുത്ത 7-10 ദിവസത്തിനുള്ളിൽ ഇഷാൻ പണ്ഡിത മൈതാനത്ത് കളിക്കാൻ സജ്ജമാകും. ഈ സാഹചര്യത്തിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് സാധ്യത. മാത്രമല്ല, അദ്ദേഹത്തിന് വേറെ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ ഒന്നും തന്നെ ഇല്ല. അതേസമയം,

കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ പരിക്ക് മൂലം പുറത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസിന്റെ ഇഞ്ചുറി അപ്ഡേറ്റും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ബെഞ്ചിൽ തുടരുന്ന ജീസസ് ജിമിനസ്, കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ ലഭ്യമാകും. ജനുവരി 13-ന് ഒഡീഷക്കെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിൽ ജീസസ് ജിമിനസ് പരിക്കിൽ നിന്ന് മുക്തി നേടി കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ തിരിച്ചെത്തും.