19 പന്തിൽ 65 റൺസ് : വെടിക്കെട്ട് ബാറ്റിങ്ങുമായി ഇർഫാൻ പത്താൻ ,ലെജൻഡ്‌സ് ലീഗിൽ ഭിൽവാര കിംഗ്‌സിനു ജയം |Irfan Pathan

JSCA ഇന്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്‌സിൽ നടക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് 2023-ന്റെ ഉദ്ഘാടന മത്സരത്തിൽ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ ഇന്ത്യ ക്യാപിറ്റൽസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഭിൽവാര കിംഗ്‌സ്. 229 റൺസ് പിന്തുടർന്ന കിംഗ്‌സ് 19 പന്തിൽ 65 റൺസ് നേടിയ പത്താന്റെ ബാറ്റിംഗ് മികവിൽ മൂന്നു വിക്കറ്റിന്റ വിജയം സ്വന്തമാക്കി.

35 പന്തിൽ 8 ബൗണ്ടറിയും 2 സിക്സും ഉൾപ്പെടെ 63 റൺസ് നേടിയ ഗൗതം ഗംഭീറിന്റെ തകർപ്പൻ ഇന്നിങ്‌സിന്റെ പിൻബലത്തിൽ ആദ്യ ബാറ്റ് ചെയ്ത ക്യാപിറ്റൽസ് 20 ഓവറിൽ 228/8 കൂറ്റൻ സ്കോർ സ്വന്തമാക്കി.31 പന്തിൽ 5 ഫോറും 4 സിക്‌സും സഹിതം 59 റൺസ് നേടി കിർക്ക് എഡ്വേർഡ്‌സും ക്യാപിറ്റലിസിനെ കൂറ്റൻ സ്കോറിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ബെൻ ഡങ്കും ആഷ്‌ലി നഴ്‌സും യഥാക്രമം 37 (16), 34 (20) എന്നിങ്ങനെ സ്‌കോർ ചെയ്തു. 4 ഓവറിൽ 29 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ അനുരീത് സിംഗ് ഭിൽവാര കിംഗ്‌സിന് വേണ്ടി പന്തുമായി തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഭിൽവാര കിംഗ്‌സ് വെറും 4 പന്തുകൾ ശേഷിക്കെ ലക്ഷ്യം പിന്തുടർന്നു. 40 പന്തിൽ 9 ഫോറും 3 സിക്‌സും ഉൾപ്പെടെ 70 റൺസ് നേടിയ സോളമൻ മിറെയുടെ സ്‌ഫോടനാത്മക ഇന്നിംഗ്‌സാണ് കിംഗ്‌സിന്റെ വിജയകരമായ റൺ വേട്ടയ്ക്ക് വഴിയൊരുക്കിയത്. വെറും 19 പന്തിൽ 9 സിക്‌സറുകൾ പറത്തി 65 റൺസ് നേടിയ ഇർഫാൻ പത്താൻ തകർപ്പൻ പ്രകടനമാണ് നടത്തിയത്.

342.11 സ്‌ട്രൈക്ക് റേറ്റിൽ ആണ് പത്താൻ ബാറ്റ് ചെയ്തത്.കൃത്യമായ ഇടവേളകളിൽ ഏതാനും വിക്കറ്റുകൾ വീണെങ്കിലും റോബിൻ ബിസ്റ്റ് (20 പന്തിൽ 30), ക്രിസ് ബാൺവെൽ (12 പന്തിൽ 22) എന്നിവരുടെ സംഭാവനകളോടെ ഭിൽവാര കിങ്‌സ് ലക്ഷ്യത്തിലെത്തി.4 ഓവറിൽ 51 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇസുരു ഉദാനയാണ് ഇന്ത്യ ക്യാപിറ്റൽസ് ബൗളർമാരിൽ തിളങ്ങിയത്.റസ്റ്റി തെറോണും 33 റൺസിന് 2 വിക്കറ്റ് വീഴ്ത്തി. ഒടുവിൽ 3 വിക്കറ്റിന് ഭിൽവാര കിംഗ്‌സ് വിജയിച്ചു.