ഇന്നത്തെ മത്സരം വിജയിച്ചാൽ ഡ്യുറണ്ട് കപ്പിൽ ക്വാർട്ടർ ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുമോ ? | Kerala Blasters

ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങുകയാണ്. സിഐഎസ്എഫ് പ്രൊടെക്ടെഴ്സ് ആണ് ഓഗസ്റ്റ് 10-ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയും ഉൾപ്പെടെ 4 പോയിന്റുകൾ കൈവശമുള്ള കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ്‌ സി-യിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

4 പോയിന്റ് ഉള്ള പഞ്ചാബ് എഫ്സി ഗോൾ ഡിഫറെൻസിൽ ബ്ലാസ്റ്റേഴ്സിനോട് പിറകിൽ ആയതിനാൽ നിലവിൽ രണ്ടാം സ്ഥാനത്ത് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം ഡ്യുറണ്ട് കപ്പിലെ മുന്നോട്ട് പോക്കിന് കേരള ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്. ഡ്യുറണ്ട് കപ്പിൽ 6 ഗ്രൂപ്പുകളിലായി 36 ടീമുകൾ ആണ് പങ്കെടുക്കുന്നത്.

എല്ലാ ഗ്രൂപ്പ് ചാമ്പ്യന്മാരും, ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുമ്പോൾ, 6 ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാരിൽ ഏറ്റവും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാർ മാത്രമാണ് ക്വാർട്ടർ ഫൈനലിൽ ഇടം കണ്ടെത്തുക. ഈ സാഹചര്യത്തിൽ മുംബൈ സിറ്റിക്കെതിരെ എതിരില്ലാത്ത 8 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചതിനാൽ, അവർക്ക് നിലവിൽ +8 ആണ് ഗോൾ ഡിഫറൻസ്. കേരള ബ്ലാസ്റ്റേഴ്സ് – പഞ്ചാബ് എഫ്സി മത്സരം 1-1 സമനില ആയിരുന്നു. അതേസമയം, സിഐഎസ്എഫ് പ്രൊടെക്ടെഴ്സിനെതിരെ 3-0 ത്തിന് വിജയിച്ചതിനാൽ പഞ്ചാബ് എഫ്സിക്ക് നിലവിൽ +3 ആണ് ഗോൾ ഡിഫറൻസ്. മുംബൈ സിറ്റിക്കെതിരെ 2-0 ത്തിന് വിജയം നേടിയ സിഐഎസ്എഫ് പ്രൊടെക്ടെഴ്സിന് നിലവിൽ മൂന്ന് പോയിന്റുകൾ ഉണ്ട്.

ഈ സാഹചര്യത്തിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി അനായാസം അടുത്തഘട്ടത്തിലേക്ക് മുന്നേറാനായി കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തിൽ സിഐഎസ്എഫ് പ്രൊടെക്ടെഴ്സിനെതിരെ വലിയ മാർജിനിൽ ഉള്ള ഒരു വിജയം അനിവാര്യമാണ്. ചെറിയ മാർജിനിൽ ആണ് വിജയിക്കുന്നത് എങ്കിൽ, മുംബൈ സിറ്റിക്കെതിരായ പഞ്ചാബിന്റെ മത്സരം നിർണായകമാകും. ഇന്നത്തെ മത്സരത്തിൽ പരാജയം കേരള ബ്ലാസ്റ്റേഴ്സിന് ഒരിക്കലും അംഗീകരിക്കാൻ ആകില്ല.