അഞ്ചു ഗോളുമായി ഹാലാൻഡ്‌ , ഏഴു ഗോൾ ജയവുമായി സിറ്റി ക്വാർട്ടറിൽ : ഇന്റർ മിലാനും ക്വാർട്ടർ ഫൈനലിൽ

ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന യുവേഫ പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ ആർബി ലെപ്‌സിഗിനെതീരെ 7 -0 ത്തിന്റെ തകർപ്പൻ ജയവുമായി ക്വാർട്ടർ ഉറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി.ആദ്യ പകുതിയിൽ ഹാട്രിക്ക് ഉൾപ്പെടെ അഞ്ച് ഗോളുകളുമായി എർലിംഗ് ഹാലൻഡ് ചരിത്രം സൃഷ്ടിച്ചു. ഇരു പാദങ്ങളിലുമായി 8 -1 ന്റെ ജയമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്.

ലയണൽ മെസ്സിക്ക് ശേഷം ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ടിൽ രണ്ടമത്തെ മാത്രം കളിക്കാരനായി ഇതോടെ ഹാലാൻഡ്‌ മാറുകയും ചെയ്തു.കൂടാതെ ഏതെങ്കിലും ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അഞ്ച് സ്കോർ ചെയ്യുന്ന മൂന്ന് കളിക്കാരിൽ ഒരാളായി അദ്ദേഹം മാറുകയും ചെയ്തു.ലൂയിസ് അഡ്രിയാനോയാണ് അഞ്ചു ഗോൾ നേടിയ മറ്റൊരു താരം.1928-29ൽ ടോമി ജോൺസൺ സ്ഥാപിച്ച സിറ്റിയുടെ സിംഗിൾ-സീസൺ സ്‌കോറിംഗ് റെക്കോർഡ് തകർത്ത് നോർവീജിയൻ മാർക്ക്സ്മാൻ സീസണിൽ 39 ഗോളുകൾ നേടി.22-ാം മിനിറ്റിൽ ലീപ്‌സിഗ് ഡിഫൻഡർ ബെഞ്ചമിൻ ഹെൻറിക്‌സിനെതിരായ വിവാദ ഹാൻഡ്‌ബോൾ കോളിന് ശേഷം ലഭിച്ച പെനാൽറ്റി ഗോളാക്കി ഹാലൻഡ് സിറ്റിയെ മുന്നിലെത്തിച്ചു.

24 ആം മിനുട്ടിൽ കെവിൻ ഡി ബ്രൂയ്‌ന്റെ അസ്സിസ്റ്റിൽ നിന്നും ഹാലാൻഡ് സ്കോർ 2 -0 ആക്കി ഉയർത്തി.ഈ ഗോളോടെ, 30 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതും (22 വയസും 236 ദിവസവും) ഏറ്റവും വേഗത്തിൽ (25 കളികൾ) എന്ന നേട്ടവും ഹാലൻഡ് സ്വന്തമാക്കി. ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്നേ തന്നെ ഹാലാൻഡ് ഹാട്രിക്ക് തികച്ചു. ഈ ഗോളോടെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഗെയിമിൽ ആദ്യ പകുതിയിൽ ഹാട്രിക് നേടിയ ഏക കളിക്കാരനായി ഹാലൻഡ് മെസ്സിക്കൊപ്പം ചേർന്നു.

49 ആം മിനുട്ടിൽ ഇൽകെ ഗുണ്ടോഗൻ സിറ്റിയുടെ നാലാമത്തെ ഗോൾ നേടി.53-ാം മിനിറ്റിലും 57-ാം മിനിറ്റിലും ഗോളുകൾ നേടി ഹാലാൻഡ് അഞ്ചു ഗോളുകൾ പൂർത്തിയാക്കി. ചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോൾ നേട്ടം വേഗത്തിൽ കൈവരിക്കുന്ന താരമായി മാറുകയും ചെയ്തു.മെസ്സി (84 മിനിറ്റ്), ലൂയിസ് അഡ്രിയാനോ (82 മിനിറ്റ്) എന്നിവർ ഒരേ നേട്ടം കൈവരിച്ചതിനേക്കാൾ വേഗത്തിൽ ആയിരുന്നു ഇത്. സ്റ്റോപ്പേജ് ടൈമിൽ ഡി ബ്രൂയ്‌നെ നേടിയ ഗോളോടെ സ്കോർ 7 -0 ആക്കി മാറ്റുകയും ചെയ്തു.

മറ്റൊരു മത്സരത്തിൽ എഫ്സി പോർട്ടോയെ ഗോൾ രഹിത സമനിലയിൽ തളച്ച് ഇന്റർ മിലാൻ ക്വാർട്ടറിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം ഇന്റർ നേടിയിരുന്നു.ജർമ്മനിയിൽ നേടിയ 2-0 നേട്ടത്തോടെ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെ സ്വന്തം തട്ടകത്തിൽ നാപ്പോളി ബുധനാഴ്ച രണ്ടാം പാദം കളിക്കുമ്പോൾ, 2006 ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ഇറ്റലിക്കും മൂന്ന് ടീമുകൾ ഉണ്ടാകും.നേരത്തെ എ സി മിലാനും ക്വാർട്ടറിൽ ഇടം നേടിയിരുന്നു.