ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ടീമിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് അന്റോയിൻ ഗ്രിസ്മാൻ. ടൂർണമെന്റിൽ ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ഫ്രാൻസിന്റെ കേളീശൈലിയിൽ നെടുന്തൂണായി പ്രവർത്തിച്ചു. ഫൈനലിൽ ഫ്രാൻസ് വിജയം നേടുകയാണെങ്കിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളിനു അർഹനായ കളിക്കാരൻ ഗ്രീസ്മൻ ആണെന്ന് പലരും വാദിച്ചിരുന്നു.
ലോകകപ്പിലെ മികച്ച ഫോം ഇപ്പോൾ അത്ലറ്റികോ മാഡ്രിഡിലും തുടരുകയാണ് ഫ്രഞ്ച് താരം. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗിൽ റയൽ വയ്യഡോളിഡിനെതിരെ നടന്ന മത്സരത്തിൽ താരം ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. അത്ലറ്റികോ മാഡ്രിഡ് മൂന്നു ഗോളിന് വിജയിച്ച മത്സരത്തിലെ എല്ലാ ഗോളുകളിലും ഗ്രീസ്മൻ ഭാഗമായിരുന്നു. അതിമനോഹരമായ ഒരു ഗോളും ഒരു അസിസ്റ്റും താരം നേടുകയും ചെയ്തു.
പതിനെട്ടാം മിനുട്ടിൽ അൽവാരോ മൊറാട്ടയിലൂടെ അത്ലറ്റികോ മാഡ്രിഡ് മുന്നിലെത്തുമ്പോൾ ആ ഗോളിന് ആരും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ബാക്ക്ഹീൽ അസിസ്റ്റാണ് ഗ്രീസ്മാൻ നൽകിയത്. അഞ്ചു മിനുട്ട് പിന്നിട്ടപ്പോൾ താരം സമാനമായ രീതിയിൽ ഗോൾ നേടുകയും ചെയ്തു. അർജന്റീന താരം മോളിന നൽകിയ ക്രോസ് ഒരു ബാക്ക്ഹീൽ ഫ്ലിക്കിലൂടെ താരം വലയിലാക്കി. ഗ്രീസ്മാൻ എടുത്ത ഫ്രീ കിക്കിലാണ് അത്ലറ്റികോ മാഡ്രിഡിന്റെ മൂന്നാം ഗോൾ ഹെർമോസ നേടുന്നത്.
Griezmann 𝐕𝐒 Valladolid
— عـالـم غـريـزمـان (@grizmannworld7) January 22, 2023
🎥😰 pic.twitter.com/xLavOpdD07
ബാഴ്സലോണയിൽ മികച്ച പ്രകടനം നടത്താൻ ബുദ്ധിമുട്ടിയതിനെ തുടർന്നാണ് അത്ലറ്റികോ മാഡ്രിഡിലേക്ക് ഗ്രീസ്മാൻ വീണ്ടുമെത്തുന്നത്. തിരിച്ചുവരവിന്റെ ആദ്യനാളുകളിൽ താരത്തിന് തിളങ്ങാൻ കഴിഞ്ഞില്ലായിരുന്നു. എന്നാൽ ഈ സീസണിൽ ആറു ഗോളുകളും ആറ് അസിസ്റ്റുകളും ലീഗിൽ നേടാൻ ഫ്രഞ്ച് താരത്തിന് കഴിഞ്ഞു. വീണ്ടും അത്ലറ്റികോ മാഡ്രിഡിന്റെ നെടുന്തൂണായി മാറാൻ കഴിയുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം കഴിഞ്ഞ ദിവസം നടത്തിയത്.