അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമൻ ക്യാപ്റ്റൻ ഗുണ്ടോഗൻ | Ilkay Gündogan

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിചിരിക്കുകയാണ് യൂറോ 2024 ൽ ടീമിനെ നയിച്ച ജർമ്മനി ക്യാപ്റ്റൻ ഇൽകെ ഗുണ്ടോഗൻ. “കുറച്ച് ആഴ്‌ചകൾ ചിന്തിച്ചതിന് ശേഷം, എൻ്റെ ദേശീയ ടീം കരിയർ അവസാനിപ്പിക്കാനുള്ള സമയമാണിതെന്ന നിഗമനത്തിൽ ഞാൻ എത്തി,” ഗുണ്ടോഗൻ പറഞ്ഞു.

“എൻ്റെ മാതൃരാജ്യത്തിനായി 82 അന്താരാഷ്ട്ര മത്സരങ്ങളിൽ ഞാൻ അഭിമാനത്തോടെ തിരിഞ്ഞുനോക്കുന്നു – 2011 ൽ സീനിയർ ദേശീയ ടീമിനായി ഞാൻ അരങ്ങേറ്റം കുറിച്ചപ്പോൾ എനിക്ക് ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത ഒരു സംഖ്യ”.യൂറോ 2024 ലെ അഞ്ച് മത്സരങ്ങളും ഗുണ്ടോഗൻ കളിച്ചു എന്നത് ശ്രദ്ധേയമാണ്. “ഞങ്ങളുടെ ഹോം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ക്യാപ്റ്റനായി ടീമിനെ നയിക്കാൻ കഴിഞ്ഞതിൻ്റെ വലിയ ബഹുമതിയാണ് എൻ്റെ ഹൈലൈറ്റ്,” ബാഴ്സലോണ മിഡ്ഫീൽഡർ പറഞ്ഞു.മാൻ സിറ്റിക്കൊപ്പം ഏഴ് സീസണുകളിൽ അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും അദ്ദേഹം നേടിയതിന് ശേഷമാണ് ബാഴ്സലോണയിലേക്ക് ജർമൻ എത്തിയത്.

2011 ഒക്ടോബറിൽ ബെൽജിയത്തിനെതിരെ ജർമ്മനിക്കായി ഗുണ്ടോഗൻ അരങ്ങേറ്റം കുറിച്ചുവെങ്കിലും 2014 ലെ അവരുടെ ലോകകപ്പ് വിജയം നട്ടെല്ലിന് പരിക്കേറ്റതിനാൽ നഷ്ടമായി. യൂറോ കപ്പിന് മുമ്പ് തനിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് താൻ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചതെന്ന് ​ഗുണ്ടോ​ഗൻ വ്യക്തമാക്കി.ജർമ്മൻ ക്ലബ് ബൊറൂസ്യ ഡോർട്ട്മുണ്ട്, ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി എന്നിവിടങ്ങളിലാണ് ​ഗുണ്ടോ​ഗൻ കൂടുതൽ കാലം പന്ത് തട്ടിയത്. ഡോർട്ട്മുണ്ടിൽ 106 മത്സരങ്ങളിൽ നിന്നായി താരം 10 ​ഗോളുകൾ നേടി. മാഞ്ചസ്റ്റർ സിറ്റിയിൽ 188 മത്സരങ്ങളിൽ നിന്ന് 44 ​ഗോളുകളാണ് ​ഗുണ്ടോഗൻ അടിച്ചുകൂട്ടിയത്.

36 മത്സരങ്ങളിൽ ബാഴ്സയ്ക്കൊപ്പം കളിച്ച ജർമ്മൻ നായകന് അഞ്ച് ​ഗോളുകൾ നേടാൻ കഴിഞ്ഞു.വിടവാങ്ങിയെങ്കിലും ദേശീയ ടീമിനും അതിൻ്റെ ഭാവിക്കും ഗുണ്ടോഗൻ അചഞ്ചലമായ പിന്തുണ അറിയിച്ചു. 2026 ലോകകപ്പിനുള്ള ശക്തമായ മത്സരാർത്ഥികളാകാനുള്ള കഴിവ് അവർക്കുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് നിലവിലെ ടീമിനെയും കോച്ച് ഹൻസി ഫ്ലിക്കിനെയും പോസിറ്റീവ് ടീം സ്പിരിറ്റിനെയും അദ്ദേഹം പ്രശംസിച്ചു.