സീസണിന്റെ അവസാനം വരെ ചെൽസിയുടെ മാനേജരാവാൻ ഫ്രാങ്ക് ലാംപാർഡ്

ടോഡ് ബോഹ്‍ലി ചെൽസിയുടെ ഉടമയായതിനു ശേഷം ക്ലബിന് കഷ്ടകാലമാണെന്നു തന്നെ പറയേണ്ടി വരും. തോമസ് ടുഷെലുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹത്തെ പുറത്താക്കി ഗ്രഹാം പോട്ടറെ നിയമിച്ചെങ്കിലും ടീമിനൊരു മെച്ചവുമുണ്ടായില്ല. അവസരങ്ങൾ നൽകിയിട്ടും പോട്ടർക്ക് ടീമിനെ മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെന്നതു കൊണ്ട് അദ്ദേഹത്തെയും ദിവസങ്ങൾക്ക് മുൻപ് ചെൽസി പുറത്താക്കി.

പോട്ടർ പുറത്തായതിന് ശേഷമുള്ള ആദ്യത്തെ മത്സരം ചെൽസി കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെ കളിച്ചിരുന്നു. താൽക്കാലിക പരിശീലകനായ ബ്രൂണോ സാൾട്ടയറാണ് മത്സരത്തിൽ ടീമിനെ നയിച്ചത്. പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം ചെൽസിയുടെ ഇടക്കാല മാനേജരായി ചുമതലയേൽക്കാൻ ഫ്രാങ്ക് ലാംപാർഡ് സമ്മതിച്ചതായി ടൈംസ് പത്രം ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.ഫ്രാങ്ക് ലാംപാർഡ് ചെൽസിയുടെ ഓഫർ സ്വീകരിച്ചതായി ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്തു.

ജനുവരി വരെ എവർട്ടണിന്റെ പരിശീലകനായിരുന്ന ലാംപാർഡ് സ്റ്റാംഫോർഡ് ബ്രിഡ്ജിലെ പരിചിതമായ ചുറ്റുപാടുകളിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. കളിക്കാരനെന്ന നിലയിൽ 13 വർഷം ചെൽസിയിൽ ചിലവഴിച്ച ലാംപാർഡ് 2019-2021 മുതൽ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.211 ഗോളുകളുമായി ചെൽസിയുടെ എക്കാലത്തെയും ടോപ് സ്‌കോററായ 44-കാരനെ 84 മത്സരങ്ങൾക്ക് ശേഷം 2021 ജനുവരിയിൽ പുറത്താക്കി.

പ്രീമിയർ ലീഗിൽ ഇനി 9 മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.11 ആം സ്ഥാനത്തുള്ള ചെൽസിയെ മാന്യമായ സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യമായിരിക്കും ലാംപാർഡിന് മുന്നിലുള്ളത്.