മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ബെൽഫോർട്ട് സൂപ്പർ ലീഗ് കേരളയിൽ പന്തുതട്ടാനെത്തുന്നു | Belfort

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരിക്കൽ കളിച്ച താരങ്ങൾ എല്ലാവരും തന്നെ, ഇന്നും ആരാധകരുടെ മനസ്സിൽ ഓർമ്മകളായി നിലനിൽക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇയാൻ ഹ്യൂം, ഡേവിഡ് ജെയിംസ്, സന്ദേശ് ജിങ്കൻ, ജെസൽ കാർനീറോ എന്നിങ്ങനെ ഈ പേരുകൾ നീണ്ട് പോകുന്നു. ഇക്കൂട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഓർമ്മകളിൽ ഇന്നും നിലനിൽക്കുന്ന താരമാണ് കെർവെൻസ് ബെൽഫോട്ട്. 

2016-17 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച കെർവെൻസ് ബെൽഫോട്ട്, ഏഴ് വർഷത്തിന് ശേഷം വീണ്ടും കേരളത്തിൽ എത്തുകയാണ്. ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ 15 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ സ്കോർ ചെയ്ത ഈ ഹെയ്തി ഇന്റർനാഷണൽ, ആരംഭിക്കാനിരിക്കുന്ന പ്രഥമ സൂപ്പർ ലീഗ് കേരള സീസണിൽ കാലിക്കറ്റ് എഫ്സിക്ക് വേണ്ടി കളിക്കും.

32-കാരനായ താരത്തെ സൈൻ ചെയ്തതിന്റെ സൂചന കാലിക്കറ്റ് എഫ്സി അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചെങ്കിലും, ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. എന്നിരുന്നാലും ഇക്കാര്യം വിശ്വാസയോഗ്യമായ സോഴ്സുകൾ സ്ഥിരീകരിക്കുന്നു. 2023 മുതൽ ഇന്തോനേഷ്യൻ ക്ലബ് ആയ പേഴ്സിജാപ് ജെപാരക്ക്‌ വേണ്ടിയാണ് കെർവെൻസ് ബെൽഫോട്ട് കളിക്കുന്നത്. 2010 മുതൽ 2017 വരെ നീണ്ടു നിന്ന അന്താരാഷ്ട്ര കരിയറിൽ, ഹെയ്തിക്ക്‌ വേണ്ടി 41 മത്സരങ്ങൾ കളിച്ച താരം പതിനാലു ഗോളുകൾ നേടിയിട്ടുണ്ട്. 

കേരള ബ്ലാസ്റ്റേഴ്സ് വിട്ട കെർവെൻസ് ബെൽഫോട്ട്, 2017-18 സീസണിൽ ജംഷഡ്പൂരിന് വേണ്ടി ഐഎസ്എല്ലിൽ തിരിച്ചെത്തിയിരുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം വീണ്ടും കേരളത്തിൽ കളിക്കാൻ എത്തുന്നത് മഞ്ഞപ്പട ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യം തന്നെ. ഓഗസ്റ്റ് മാസത്തിലാണ് സൂപ്പർ ലീഗ് കേരള നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ പ്രമുഖ താരങ്ങൾ ലീഗിൽ പന്തു തട്ടാൻ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.