ഇരട്ട ഗോളുകളുമായി മൊഹമ്മദ് സല, ന്യൂകാസിനെതിരെ തകർപ്പൻ ജയവുമായി ലിവർപൂൾ |Liverpool | Mohamed Salah

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ലിവർപൂൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ലിവർപൂൾ നേടിയത്. സൂപ്പർ താരം മൊഹമ്മദ് സല ലിവര്പൂളിനായി ഇരട്ട ഗോളുകൾ നേടി. ഗോളിന് പുറമെ ഒരു അസിസ്റ്റും നേടിയ സല കളിയിലെ താരമായി.

യുർഗൻ ക്ലോപ്പിന്റെ ടീമിന് ഇപ്പോൾ 20 കളികളിൽ നിന്ന് 45 പോയിന്റാണുള്ളത്. രണ്ടാം സ്ഥനത്തുള്ള ആസ്റ്റൺ വില്ലയ്ക്ക് 42 പോയിന്റാണുള്ളത്, ഒരു മത്സരം കുറച്ച് കളിച്ച മാഞ്ചസ്റ്റർ സിറ്റി 40 പോയിന്റുമായി മൂന്നാമതാണ്. ന്യൂകാസിൽ 29 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.“ഇത് എന്റെ ടീമിൽ നിന്നുള്ള ഒരു സെൻസേഷണൽ ഗെയിമായിരുന്നു,” ക്ലോപ്പ് ബിബിസിയോട് പറഞ്ഞു.ലിവർപൂളിനായി 151 പ്രീമിയർ ലീഗ് ഗോളുകൾ നേടിയ 31 കാരനായ സലാ ഇന്നലെ നേടിയ ഇരട്ട ഗോളുകളോടെ സിറ്റിയുടെ എർലിംഗ് ഹാലാൻഡിനൊപ്പം 14 ഗോളുകളുമായി സംയുക്ത ടോപ് സ്‌കോററായി മാറിയിരിക്കുകയാണ്.

എട്ട് അസിസ്റ്റുകളുമായി ആസ്റ്റൺ വില്ലയുടെ ഒല്ലി വാറ്റ്കിൻസ് ഒപ്പമെത്തുകയും ചെയ്തു. കളിയിൽ ലിവർപൂളിന്റെ പൂർണ ആധിപത്യമാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ 22 ആം മിനുറ്റിൽ ലിവർപൂളിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും സലയുടെ പെനാൽറ്റി ഗോൾകീപ്പർ മാർട്ടിൻ ഡുബ്രാവ്ക തടുത്തിട്ടു.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 49 ആം മിനുട്ടിൽ സല ലിവർപൂളിന്റെ ആദ്യ ഗോൾ നേടി.ഡാർവിൻ ന്യൂനസ് കൊടുത്ത പാസിൽ നിന്നാണ് ഈജിപ്ത് ഇന്റർനാഷണൽ ഗോൾ നേടിയത്. എന്നാൽ 54 ആം മിനുട്ടിൽ ആന്റണി ഗോർഡന്റെ പാസിൽ നിന്നും നേടിയ ഗോളിൽ അലക്സാണ്ടർ ഇസാക്ക് ന്യൂ കാസിലിനെ ഒപ്പമെത്തിച്ചു.

74-ാം മിനിറ്റിൽ ഡിയോഗോ ജോട്ടയുടെ ഒരു പാസിൽ നിന്ന് കർട്ടിസ് ജോൺസ് ആതിഥേയരെ മുന്നിലെത്തിച്ചു.നാല് മിനിറ്റിന് ശേഷം ഡച്ച് താരം കോഡി ഗാക്‌പോ ലിവര്പൂളിനായി ഒരു ഗോൾ കൂടി നേടി. 81-ാം മിനിറ്റിൽ സ്വെൻ ബോട്ട്മാൻ ന്യൂകാസിലിനായി ഒരു ഗോൾ കൂടി മടക്കി.ആഫ്രിക്ക നേഷൻസ് കപ്പിനായി പുറപ്പെടുന്നതിന് മുമ്പ് തന്റെ അവസാന ഗെയിം കളിക്കുകയായിരുന്ന സലാ 86 ആം മിനുട്ടിൽ ജോട്ടയെ ഫൗൾ ചെയ്‌തതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു.ന്യൂകാസിൽ അവരുടെ അവസാന അഞ്ച് ലീഗ് മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ടു.