ജീക്സൺ സിംഗിന്റെ വിടവ് നികത്താൻ മോഹൻ ബഗാൻ മിഡ്ഫീൽഡറെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഐഎസ്എൽ ട്രാൻസ്ഫർ രംഗത്ത് സജീവമായ കേരള ബ്ലാസ്റ്റേഴ്സ്, വിദേശ താരങ്ങൾക്കൊപ്പം പ്രധാന സ്ഥാനങ്ങളിലേക്ക് ഇന്ത്യൻ താരങ്ങളെയും ലക്ഷ്യം വെച്ചുള്ള പ്രോസസ് ആണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ അഞ്ചു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിലെ പ്രധാന താരമായിരുന്ന ജീക്സൺ സിംഗ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെ, ആ വിടവ് നികത്താനുള്ള പരിശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. 23-കാരനായ ജീക്സൺ സിംഗിന്റെ പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത് മോഹൻ ബഗാന്റെ 25-കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ദീപക് ടാൻഗ്രിയെയാണ്.

മോഹൻ ബഗാൻ യൂത്ത് അക്കാദമിയിലൂടെ കളി പഠിച്ചു വളർന്ന ദീപക് ടാൻഗ്രി, ഇന്ത്യൻ ആരോസിലൂടെയാണ് സീനിയർ കരിയർ ആരംഭിച്ചത്. പിന്നീട്, ചെന്നൈയിൻ എഫ്സിയിലൂടെ ഐഎസ്എൽ അരങ്ങേറ്റം കുറിച്ചു. 2021-ൽ ദീപക് ടാൻഗ്രി മോഹൻ ബഗാനിൽ രണ്ട് വർഷത്തെ കോൺട്രാക്ടിൽ ഒപ്പുവച്ചു.

പിന്നീട് മോഹൻ ബഗാന്റെ മധ്യനിരയിലെ സജീവ സാന്നിധ്യമായി മാറിയ ഈ ചണ്ഡിഗർകാരൻ, ബഗാനിലെ കോൺട്രാക്ട് എക്സ്റ്റൻഡ് ചെയ്തു. ഇപ്പോൾ, കഴിഞ്ഞ അഞ്ചു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസീവ് മിഡ്ഫീൽഡ് പൊസിഷനിൽ വിശ്വസ്തനായി നിലനിന്നിരുന്ന ജീക്സൺ സിംഗ്, ഈസ്റ്റ് ബംഗാളിലേക്ക് മാറിയത് മഞ്ഞപ്പടക്ക് ചെറുതല്ലാത്ത ക്ഷീണമാണ് നൽകിയിരിക്കുന്നത്.