സൂപ്പര്‍ കപ്പിലെ തോല്‍വിക്ക് പകരം വീട്ടി അത്ലറ്റികോ മാഡ്രിഡ്, കോപ്പ ഡെല്‍ റേയില്‍ നിന്ന് റയല്‍ മാഡ്രിഡ് പുറത്ത്: ബാഴ്സലോണക്ക് ജയം | Real Madrid | FC Barcelona

എക്സ്ട്രാ ടൈം വരെ നീണ്ട മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനെ കീഴടക്കി അത്ലറ്റികോ മാഡ്രിഡ്. കോപ്പ ഡെല്‍ റേ പ്രീ ക്വാർട്ടറിൽ എക്സ്ട്രാ ടൈമിൽ അന്റോയിൻ ഗ്രീസ്മാനും റോഡ്രിഗോ റിക്വൽമെയും നേടിയ ഗോളുകളുടെ ബലത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി.സ്‌പാനിഷ് സൂപ്പര്‍ കപ്പിലെ തോല്‍വിയ്‌ക്ക് അത്ലറ്റികോ പകരം വീട്ടുകയും ചെയ്തു.

39-ാം മിനിറ്റിൽ അത്‌ലറ്റിക്കോ വിംഗർ സാമുവൽ ലിനോ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് നേടിയ ഗോളിൽ അത്ലറ്റികോ മാഡ്രിഡിനെ മുന്നിലെത്തിച്ചു. എന്നാൽ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അത്ലറ്റിക്കോ ഗോൾകീപ്പർ ജാൻ ഒബ്‌ലാക്കിന്റെ സെൽഫ് ഗോളിൽ റയൽ മാഡ്രിഡ് സമനില പിടിച്ചു.അത്‌ലറ്റിക്കോ ബോക്‌സിലേക്ക് വന്ന ലൂക്കാ മോഡ്രിച്ചിന്‍റെ ഫ്രീകിക്ക് മുന്നിലേക്ക് കയറി തട്ടിയകറ്റാനുള്ള ഒബ്ലാക്കിന്‍റെ ശ്രമം ഗോളില്‍ കലാശിക്കുകയായിരുന്നു. ഒബ്ലാക്കിന്‍റെ കയ്യില്‍ നിന്നും വഴുതിയാണ് പന്ത് ഗോള്‍വലയ്‌ക്കുള്ളില്‍ കയറിയത്.

57-ാം മിനിട്ടില്‍ റയല്‍ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നും അത്‌ലറ്റിക്കോ മാഡ്രിഡ് ലീഡ് ഉയര്‍ത്തി. അല്‍വാരോ മൊറാട്ടയായിരുന്നു ഗോള്‍ സ്കോറര്‍. 82-ാം മിനിറ്റിൽ ജൊസേലു റയലിനായി സമനില ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു.100-ാം മിനിറ്റിൽ ഗ്രീസ്മാന്റെ തകർപ്പൻ ഗോളിൽ അത്ലറ്റികോ ലീഡ് നേടി.119-ാം മിനിറ്റിൽ മികച്ചൊരു ഫിനിഷിലൂടെ റിക്വൽമി വിജയം ഉറപ്പിച്ചു.ബാഴ്‌സലോണ, ജിറോണ, റയൽ സോസിഡാഡ്, സെൽറ്റ വിഗോ, മല്ലോർക്ക, അത്‌ലറ്റിക് ബിൽബാവോ, സെവിയ്യ എന്നിവർക്കൊപ്പം അവസാന എട്ടിലേക്ക് അത്ലറ്റികോയും എത്തി.വെള്ളിയാഴ്ചയാണ് ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ്.

മൂന്നാം ഡിവിഷൻ ക്ലബ്ബായ യൂണിയനിസ്റ്റാസിനെ 3-1ന് തോൽപ്പിച്ച് വ്യാഴാഴ്ച കോപ്പ ഡെൽ റേയുടെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ബാഴ്‌സലോണ.31-ാം മിനിറ്റിൽ അൽവാരോ ഗോമസിന്റെ മനോഹരമായ ഒരു ഗോളിലൂടെ യൂണിയനിസ്റ്റാs ലീഡ് നേടി.45-ാം മിനിറ്റിൽ ഫെറാൻ ടോറസ് ബാഴ്‌സലോണയ്ക്ക് സമനില നേടിക്കൊടുത്തു. 69-ാമത് ഒരു ലോംഗ് റേഞ്ച് ഷോട്ടിലൂടെ കൗണ്ടെ ബാഴ്‌സയെ മുന്നിലെത്തിച്ചു.73-ാം മിനുട്ടിൽ നേടിയ ഗോളിൽ ബാൾഡെ ബാഴ്സയുടെ വിജയം ഉറപ്പിച്ചു. കഴിഞ്ഞ വര്ഷം റയൽ മാഡ്രിഡിനോട് സെമി ഫൈനലിൽ പരാജയപ്പെട്ട ബാഴ്സലോണ 2021 ന് ശേഷമുള്ള ആദ്യ കോപ്പ കിരീടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.31 കിരീടങ്ങൾ നേടിയ കറ്റാലൻ ക്ലബ് കോപ്പയിലെ ഏറ്റവും വിജയകരമായ ടീമാണ്.