തകർപ്പൻ ജയത്തോടെ സിറ്റി : ലിവർപൂളിന് സമനില : ആഴ്സണലിന്‌ ജയം : റയൽ മാഡ്രിഡിന് സമനില : നാപോളിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ വിറ്റാലിറ്റി സ്റ്റേഡിയത്തിൽ ബോൺമൗത്തിനെ 4-1ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി . തുടകക്ക് മുതൽ അവസാനം വരെ സിറ്റി ആധിപത്യം പുലർത്തിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 15-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിലൂടെ ആദ്യ ഗോൾ കണ്ടെത്തി. 29-ാം മിനിറ്റിൽ ഫോഡന്റെ അസിസ്റ്റിൽ നിന്ന് എർലിംഗ് ഹാലൻഡ് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി.

നോർവീജിയൻ സ്‌ട്രൈക്കറുടെ ലീഗിലെ 27 ആം ഗോൾ ആയിരുന്നു ഇത്. 45 ആം മിനുട്ടിൽ ഫോഡൻ സിറ്റിയുടെ മൂന്നാമത്തെ ഗോൾ നേടി. 51 ആം മിനുട്ടിൽ ക്രിസ് മെഫാമിന്റെ സെല്ഫ് ഗോൾ സ്കോർ 4 -0 ആക്കി ഉയർത്തി. 83 ആം മിനുട്ടിൽ ജെഫേഴ്സൺ ലെർമ ബോൺമൗത്തിന്റെ ആശ്വാസ ഗോൾ നേടി. 25 മത്സരങ്ങളിൽ നിന്നും 55 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സിറ്റി.

മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് ലിവർപൂളിന് ഗോൾ രഹിത സമനിലയിൽ തളച്ചു.നിരാശാജനകമായ സമനിലയോടെ ലിവർപൂൾ ദുഷ്‌കരമായ ഒരു ആഴ്‌ച പൂർത്തിയാക്കി.ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ സ്വന്തം തട്ടകത്തിൽ 5-2ന് പരാജയപ്പെട്ട ലിവർപൂളിന് ഈ സമനില തിരിച്ചടിയായായി. 23 മത്സരങ്ങളിൽ നിന്നും 36 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലിവർപൂൾ.കിംഗ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്റർ സിറ്റിയെ 1-0ന് തോൽപ്പിച്ചതോടെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ആഴ്സണൽ കൂടുതൽ മുന്നേറിയിരിക്കുകയാണ്.ബ്രസീലിയൻ താരം മാർട്ടിനെല്ലി ആണ് ആഴ്സണലിന്റെ വിജയ ഗോൾ നേടിയത്‌. 24 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരെ 1-1ന് സമനിലയിൽ തളച്ചപ്പോൾ പത്ത് പേരടങ്ങുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് റയൽ മാഡ്രിഡിന്റെ ലാലിഗ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി.52 പോയിന്റുമായി ലാലിഗ സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ് ,ഞായറാഴ്ച നേരിടുന്ന ബാഴ്‌സലോണയ്ക്ക് ഏഴ് പിന്നിൽ ആണ്.42 പോയിന്റുള്ള അത്‌ലറ്റിക്കോ നാലാം സ്ഥാനത്താണ്.64ആം മിനുട്ടിൽ റുദിഗറിനെ എൽബോ ചെയ്തതിന് കൊറേയ ചുവപ്പ് കണ്ട് പുറത്തു പോയി. ഇതിനു ശേഷവും റയലിന് സിമിയോണിയുടെ ഡിഫൻസ് ഭേദിക്കാൻ ആയില്ല. 78ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ ജിമിനസ് അത്ലറ്റിക്കോയെ മുന്നിൽ എത്തിച്ചു. 87ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് 19കാരൻ ആൽവാരോ റോഡ്രിഗസ് റയലിന് സമനില നൽകി.

ഇറ്റാലിയൻ സിരി എ യിൽ എമ്പോളിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി നാപോളി.സ്‌ട്രൈക്കർ വിക്ടർ ഒസിംഹെനും അർഡിയൻ ഇസ്മാജ്‌ലിയുടെ സെൽഫ് ഗോളുകൾക്കായിരുന്നു നാപോളിയുടെ ജയം. വിജയത്തോടെ രണ്ടാം സ്ഥാനക്കാരായ ഇന്റർ മിലാനെതിരെ അവരുടെ ലീഡ് 18 പോയിന്റായി ഉയർത്തി.14 മത്സരങ്ങൾ മാത്രം ലീഗിൽ ബാക്കിയിരിക്കെ നാപോളി കിരീടം ഉറപ്പിച്ചിരിക്കുകയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം തുടർച്ചയായി എട്ട് ഇറ്റാലിയൻ ടോപ്-ഫ്ലൈറ്റ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനായി നൈജീരിയൻ സ്‌ട്രൈക്കർ വിക്ടർ ഒസിംഹെൻ മാറി.തന്റെ അവസാന എട്ട് സീരി എ ഗെയിമുകളിൽ ഓരോന്നിലും സ്‌കോർ ചെയ്തു.അവസാന അഞ്ച് മത്സരങ്ങളിൽ വിജയിക്കാതെ 28 പോയിന്റുമായി 12-ാം സ്ഥാനത്താണ് എംപോളി.