വിജയ വഴിയിൽ തിരിച്ചെത്തി ബാഴ്സലോണ : തകർപ്പൻ ജയവുമായി ലിവർപൂൾ : ഇരട്ട ഗോളുമായി എംബപ്പേ : ഗോളടി തുടർന്ന് ഹാരി കെയ്ൻ

ലാ ലീഗയിൽ ഇന്നലെ അൽമേരിയയ്‌ക്കെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ചാമ്പ്യൻമാരായ ബാഴ്‌സലോണ. രണ്ടിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് ബാഴ്സലോണ നേടിയത്. സെർജി റോബർട്ടോയുടെ രണ്ടാം പകുതിയിൽ നേടിയ രണ്ടു ഗോളുകളാണ് ബാഴ്‌സലോണയ്ക്ക് ജയം നേടിക്കൊടുത്തത്.അവസാന മൂന്നു മത്സരങ്ങളിൽ വിജയിക്കാതിരുന്ന ബാഴ്സലോണക്ക് ഈ വിജയം വലിയ ആശ്വാസമാണ് നൽകുന്നത്.

ആദ്യ പകുതിയിൽ ബാഴ്‌സലോണ ആധിപത്യം പുലർത്തി, പക്ഷേ അവരുടെ 15 അവസരങ്ങളിൽ ഭൂരിഭാഗവും പാഴാക്കി. 33 ആം മിനുട്ടിൽ റാഫിൻഹയുടെ ഗോളിൽ ബാഴ്സലോണ ലീഡ് നേടി. എന്നാൽ 41 ആം മിനുട്ടിൽ ഫോർവേഡ് ലിയോ ബാപ്റ്റിസ്റ്റാവോ അൽമേരിയക്ക് സമനില നേടിക്കൊടുത്തു. 60 ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നും സെർജിയോ റോബർട്ടോ ബാഴ്‌സയുടെ ലീഡ് ഉയർത്തി.എന്നാൽ 71 ആം മിനുട്ടിൽ എഡ്ഗർ ഗോൺസാലസ് അൽമേരിയയ്ക്ക് വേണ്ടി സമനില ഗോൾ നേടി. 83 ആം മിനുട്ടിൽ റോബർട്ടോ ബാഴ്‌സലോണയുടെ വിജയമുറപ്പിച്ച ഗോൾ നേടി.കറ്റാലൻ ക്ലബ്ബിനായി 350-ലധികം മത്സരങ്ങൾ കളിച്ച 31-കാരനായ വിംഗർ തന്റെ ബാഴ്‌സലോണ കരിയറിലെ ആദ്യ ബ്രേസ് നേടി.

18 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായി ബാഴ്‌സലോണ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.വ്യാഴാഴ്ച യഥാക്രമം റയൽ ബെറ്റിസും അലാവസും സന്ദർശിക്കുന്ന ലീഡർമാരായ ജിറോണക്ക് ആറു പോയിന്റും രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ നാല് പോയിന്റ പിന്നിലുമാണ് ബാഴ്സലോണ .ഈ സീസണിൽ ലാലിഗയിൽ ഇപ്പോഴും വിജയിക്കാത്ത അൽമേരിയ അഞ്ച് പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ്.

വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി ലിവർപൂൾ ലീഗ് കപ്പ് സെമിഫൈനലിൽ സ്ഥാനം പിടിച്ചു. ലിവർപൂളിന് വേണ്ടി കർട്ടിസ് ജോൺസ് രണ്ട് ഗോളുകൾ നേടി, ഡൊമിനിക് സോബോസ്‌ലായ്, കോഡി ഗാക്‌പോ,മുഹമ്മദ് സലാ എന്നിവർ മറ്റു ഗോളുകൾ നേടി.28-ാം മിനിറ്റിൽ 20 വാര അകലെ നിന്നുള്ള ഷോട്ടിലൂടെ സോബോസ്‌ലായ് ലിവർപൂളിന്റെ ആദ്യ ഗോൾ നേടി.രണ്ടാം പകുതിയിൽ നൂനെസിന്റെ പാസിൽ നിന്നും തന്റെ ആദ്യ ഗോളിലൂടെ ജോൺസ് ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി.

71 ആം മിനുട്ടിൽ നൂനെസിന്റെ പാസിൽഗാക്‌പോ റെഡ്‌സിന്റെ മൂന്നാം ഗോൾ നേടി.77-ാം മിനിറ്റിൽ ജറോഡ് ബോവൻ ഹാമേഴ്‌സിനായി ഒരു ഗോൾ മടക്കി.82-ാം മിനിറ്റിൽ സലാഹ് നാലാം ഗോളും രണ്ട് മിനിറ്റിനുശേഷം ജോൺസ് തന്റെ രണ്ടാം ഗോളും ലിവർപൂളിന്റെ അഞ്ചാം ഗോളും നേടി.ജനുവരി 8-ന് നടക്കുന്ന സെമിഫൈനലിൽ ലിവർപൂൾ ഫുൾഹാമിനെ നേരിടും.രണ്ടാം സെമിയിൽ ചെൽസി മിഡിൽസ്ബ്രോയെ നേരിടും.ഫിബ്രവരി 25-ന് വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ.

ബുണ്ടസ്‌ലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ; ബയേൺ മ്യൂണിക്ക് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് VfL വുൾഫ്‌സ്‌ബർഗിനെ പരാജയപ്പെടുത്തി.ബുണ്ടസ്‌ലിഗയിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബയേൺ താരമായ ജമാൽ മുസിയാല 33-ാം മിനിറ്റിൽ തോമസ് മുള്ളർ നൽകിയ ക്രോസിൽ നിന്നും സന്ദർശകരെ മുന്നിലെത്തിച്ചു.ഇടവേളയ്ക്ക് രണ്ട് മിനിറ്റ് മുമ്പ് ഹാരി കെയ്ൻ ബയേണിന്റെ ലീഡ് ഉയർത്തി.

ഇംഗ്ലണ്ട് ക്യാപ്റ്റൻ തന്റെ 21 ഗോളുകളും അഞ്ച് അസിസ്റ്റുകളും സഹിതം ലീഗിൽ 26 ഗോളുകളിൽ ഏർപ്പെട്ടിട്ടുണ്ട്.2022-23 സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തമുള്ള റാൻഡൽ കോലോ മുവാനിയുടെ മൊത്തം നേട്ടത്തിന് തുല്യമായി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ മാക്‌സിമിലിയൻ അർനോൾ വുൾഫ്‌സ്‌ബർഗിനായി ഒരു ഗോൾ മടക്കി. 15 കളികളിൽ നിന്നും 38 പോയിന്റുമായി ബയേൺ രണ്ടാം സ്ഥാനത്താണ് . ഒരു മത്സരം കുറവ് കളിച്ച ബയേർ ലെവർകൂസൻ 42 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

ലീഗ് 1 ൽ ഇന്നലെ നടന്ന മത്സരത്തിൽ സൂപ്പർ താരം കൈലിയൻ എംബാപ്പെയുടെയോ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ പാരീസ് സെന്റ് ജെർമെയ്‌ൻ പാർക്ക് ഡെസ് പ്രിൻസസിൽ മെറ്റ്‌സിനെ 3-1 ന് പരാജയപ്പെടുത്തി. ഒന്നാം സ്ഥാനത്തുള്ള പി എസ്ജി അഞ്ചു പോയിന്റ് ലീഡുമായി ഈ വർഷം ഉയർന്ന നിലയിൽ അവസാനിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ വിറ്റിൻഹ പിഎസ്ജി യെ മുന്നിലെത്തിച്ചു. 60 ആം മിനുട്ടിൽ 25-ാം ജന്മദിനം ആഘോഷിക്കുന്ന എംബപ്പേ ലീഡ് ഇരട്ടിയാക്കി. 72 ആം മിനുട്ടിൽ മെറ്റ്‌സ് ക്യാപ്റ്റൻ മത്ത്യൂ ഉഡോൾ ഹെഡ്ഡറിലൂടെ ഒരു ഗോൾ മടക്കി .

83 ആം മിനുട്ടിൽ എംബപ്പേ പിഎസ്ജിയുടെ മൂന്നാം ഗോൾ നേടി,കളിയുടെ അവസാനത്തിൽ, കൈലിയൻ എംബാപ്പെയുടെ 16 വയസ്സുള്ള സഹോദരൻ ഏഥാൻ പാരീസുകാർക്ക് വേണ്ടി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.എഥാൻ എംബാപ്പെ സാങ്കേതികമായി പ്രതിഭാധനനായ ഇടംകാലുള്ള മിഡ്‌ഫീൽഡറാണ്.17 കളികളിൽ നിന്ന് 40 പോയിന്റുമായി സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനത്തുള്ള പിഎസ്ജി, രണ്ടാം സ്ഥാനത്തുള്ള നൈസിനേക്കാൾ അഞ്ച് പോയിന്റ് മുന്നിലും മൂന്നാം സ്ഥനത്തുള്ള എഎസ് മൊണാക്കോയെക്കാൾ ഏഴ് പോയിന്റ് മുകളിലുമാണ്.