എൽ ക്ലാസിക്കോയിൽ റയലിനെ മുട്ടുകുത്തിച്ച് ബാഴ്സ : ഫുൾഹാമിനെ കീഴടക്കി യുണൈറ്റഡ് സെമിയിൽ : നാപോളിക്ക് ജയം : ഇന്ററിനും ബയേണിനും തോൽവി
എൽ ക്ലാസിക്കോയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ.ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് ബാഴ്സ നേടിയത്.തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യന്മാരായ റയലിനെ തോൽപ്പിച്ച് തോൽപ്പിച്ച് നാല് വർഷത്തിനിടെ ആദ്യ ലീഗ് കിരീടം നേടുന്നതിലേക്ക് ബാഴ്സ ഒരു വലിയ ചുവടുവെപ്പ് നടത്തി. ഫലം രണ്ടാം സ്ഥാനക്കാരായ റയലിനെക്കാൾ 12 പോയിന്റ് ലീഡാണ് ബാഴ്സയ്ക്കുള്ളത്.
മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ റയൽ ലീഡ് നേടി, വിനിഷ്യസിന്റെ ക്രോസ്സ് അരഹോയുടെ തലയിൽ തട്ടി സ്വന്തം വലയിൽ കയറി. ആദ്യ പകുതിയുടെ അവസാന നിമിഷം ബാഴ്സലോണ സമനില നേടി.ബോക്സിൽ നിന്ന് പന്ത് ക്ലിയർ ചെയ്യുന്നതിൽ റയൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ അത് മുതലെടുത്ത സെർജി റോബർട്ടോ പന്ത് വലയിലാക്കി ബാഴ്സയെ ഒപ്പമെത്തിച്ചു.81-ാം മിനിറ്റിൽ പകരക്കാരനായ മാർക്കോ അസെൻസിയോ റയലിനായി ഗോൾ നേടിയെങ്കിലും VAR ഗോളല്ലെന്ന് വിധിച്ചു. എന്നാൽ ഇഞ്ചുറി ടൈമിൽ അലജാൻഡ്രോ ബാൽഡെയുടെ പാസിൽ നിന്നും കെസിയുടെ ഗോളിൽ ബാഴ്സ വിജയം നേടി. വിജയത്തോടെ 26 മത്സരങ്ങളിൽ നിന്നും ബാഴ്സക്ക് 68 പോയിന്റായി റയലിന് 56 പോയിന്റാണുള്ളത്.
ഓൾഡ് ട്രാഫോർഡിൽ ഒമ്പത് പേരടങ്ങുന്ന ഫുൾഹാമിനെ 3-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് സെമിഫൈനലിൽ ഇടം നേടി. അഞ്ചു മിനുട്ടിനുള്ളിൽ മൂന്നു ചുവപ്പ് കാർഡും രണ്ടു ഗോളുകളും പിറന്ന നാടകീയമായ മത്സരത്തിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയം. 50 ആം മിനുട്ടിൽ അലക്സാണ്ടർ മിട്രോവിച്ച് ഫുൾഹാമിന് ലീഡ് നൽകി. 70 ആം മിനുട്ടിൽ സാഞ്ചോയുടെ ഗോളെന്നുറച്ച ഷോട്ട് കൈകൊണ്ട് തടഞ്ഞ വില്യന് റഫറി ചുവപ്പ് കാർഡ് നൽകുകയും യുണൈറ്റഡിന് പെനാൽറ്റി അനുവദിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ച സ്ട്രൈക്കർ മിട്രോവിച്ചും പരിശീലകൻ മാർക്കോസ് സിൽവയും ചുവപ്പ് കാർഡ് കണ്ടു. ആ പെനാൽറ്റി ഗോളാക്കി ബ്രൂണോ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ൭൭ ആം മിനുട്ടിൽ ഷോ നൽകിയ പാസിൽ നിന്നും മാർസൽ സാബിറ്റ്സർ യുണൈറ്റഡിന് ലീഡ് നൽകി.ഇഞ്ചുറി ടൈമിൽ മറ്റൊരു ഗോളുമായി ഫെർണാണ്ടസ് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു. സെമി ഫൈനലിൽ ബ്രൈറ്റൻ ആണ് യുണൈറ്റഡിന്റെ എതിരാളികൾ.
സീരി എയിൽ ഫിലിപ്പ് കോസ്റ്റിക്കിന്റെ ഗോളിൽ യുവന്റസ് ഇന്റർ മിലാനെ പരാജയപ്പെടുത്തി. ജയത്തോടെ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്ക് കടക്കാമെന്ന നേരിയ പ്രതീക്ഷ യുവന്റസ് നിലനിർത്തി.ജനുവരിയിൽ ഇറ്റാലിയൻ സോക്കർ കോർട്ട് അവരുടെ ട്രാൻസ്ഫർ ഇടപാടുകൾ അന്വേഷിച്ച് 15 പോയിന്റ് കുറച്ച യുവന്റസ് 27 ഗെയിമുകൾക്ക് ശേഷം 41 പോയിന്റുകളുമായി ഏഴാം സ്ഥാനത്താണ്.50 പോയിന്റുമായി ഇന്റർ മൂന്നാമതാണ്. മറ്റൊരു മത്സരത്തിൽ നാപോളി ടോറിനോയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കി കിരീടത്തിലേക്ക് കൂടുതൽ അടുത്തു. ഒസിംഹെന്റെ ഇരട്ട ഗോളുകൾക്കും ഖ്വിച ക്വാററ്റ്സ്ഖേലിയ, ടാംഗുയ് എൻഡോംബെലെ എന്നിവരുമാണ് നാപോളിയുടെ ഗോളുകൾ നേടിയത്.രണ്ടാം സ്ഥാനക്കാരായ ഇന്റർ മിലാനേക്കാൾ നേപ്പിൾസ് ടീമിന് 21 പോയിന്റിന്റെ ലീഡുണ്ട്.
ജർമൻ ബുണ്ടസ്ലീഗിൽ ബയേൺ മ്യൂണിക്കിന് തോൽവി. ബയേൺ ലെവർകൂസണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചാമ്പ്യന്മാരെ കീഴടക്കിയത്.തോൽവിയോടെ ബയേണിന്റെ ലീഗിലെ ഒന്നാം സ്ഥാനവും നഷ്ടപ്പെട്ടു. 22 ആം മിനുട്ടിൽ ജോഷ്വ കിമ്മിച്ച് ബയേണിനെ മുന്നിലെത്തിച്ചെങ്കിലും എക്സിക്വൽ പലാസിയോസ് (55′ PEN, 73′ PEN) നേടിയ രണ്ടു പെനാൽറ്റി ഗോളുകൾ ലെവർകൂസണെ വിജയത്തിലെത്തിച്ചു. 25 മത്സരങ്ങളിൽ നിന്നും ഡോർട്മുണ്ടിന് 53 പോയിന്റും ബയേണിന് 52 പോയിന്റുമാണുള്ളത്.