കേരള ബ്ലാസ്റ്റേഴ്സിന് ഗോളടിക്കാൻ അർജൻ്റീനിയിൽ നിന്നും സ്‌ട്രൈക്കറെത്തുമോ? | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഡ്യുറണ്ട് കപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിക്കാൻ തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 1-ന് മുംബൈ സിറ്റിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. നിലവിൽ കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സ് ടീം പരിശീലനം നടത്തിവരികയാണ്. അതേസമയം, ട്രാൻസ്ഫർ രംഗത്ത് ഇപ്പോഴും സജീവമായ ഇടപെടലാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രധാനമായും ഒരു വിദേശ ഫോർവേഡിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ആയ ദിമിത്രിയോസ് ഡയമന്റകോസ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെ, ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ വന്ന വിടവ് നികത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. യൂറോപ്പിൽ നിന്ന് ഒരു പ്രമുഖ സ്ട്രൈക്കറെ കൊണ്ടുവരാനാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് എന്ന വാർത്തകൾ വരുന്നതിന് ഇടയിൽ, ഇപ്പോൾ ഒരു സൗത്ത് അമേരിക്കൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സമീപിച്ചതായി അഭ്യൂഹങ്ങൾ പുറത്തുവരുന്നു.

യുവ അർജന്റീന ഫോർവേഡിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സമീപിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നത്. അർജന്റീന ക്ലബ്ബ് റൊസാരിയോ സെൻട്രൽ താരം ഫ്രാങ്കോ ഫ്രിയസിനെ കേരള ബ്ലാസ്റ്റേഴ്സ് സമീപിച്ചതായി ഐഎസ്എൽ ട്രാൻസ്ഫർ മാധ്യമമായ ഇന്ത്യൻ സ്പോർട്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏകദേശം 5.6 കോടി രൂപയാണ് ഈ താരത്തിന്റെ നിലവിലെ മാർക്കറ്റ് വാല്യൂ.

22-കാരനായ ഫ്രാങ്കോ ഫ്രിയസ്, നിലവിൽ ലോൺ അടിസ്ഥാനത്തിൽ യൂണിയൻ എസ്പാനോല ടീമിന്റെ ഭാഗമാണ്. 2018 – 2019 കാലയളവിൽ അർജന്റീന അണ്ടർ 17 ടീമിന്റെ ഭാഗമായിരുന്ന താരമാണ് ഫ്രാങ്കോ ഫ്രിയസ്. യുവ ഫോർവേഡിനെ ലോൺ അടിസ്ഥാനത്തിൽ ടീമിൽ എത്തിക്കാൻ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ചില യൂറോപ്പ്യൻ ഫോർവേഡുകളെയും സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.