ഇംഗ്ലണ്ടുമായി അർജന്റീന കളിച്ചേക്കില്ല, ബ്രസീലുമായുള്ള മത്സരം പ്രഖ്യാപിച്ചു

ലോക ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന 2024 കോപ്പ അമേരിക്ക, 2024 യൂറോ കപ്പ് എന്നിവ ജൂൺ മാസത്തിലാണ് തുടങ്ങുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ദേശീയ ടീമുകൾ മികച്ച ഒരുക്കങ്ങളാണ് അടുത്ത വർഷത്തേക്ക് വേണ്ടി അണിയറയിൽ നടത്തുന്നത്. ലാറ്റിൻ അമേരിക്കയിൽ നിന്നുമുള്ള ടീമുകളും യൂറോപ്പിൽ നിന്നുള്ള ടീമുകളും ഇതിനുമുൻപായി നിരവധി സൗഹൃദ മത്സരങ്ങൾ സാധാരണ കളിക്കാറുണ്ട്.

അടുത്ത വർഷത്തെ കോപ്പ അമേരിക്ക, യൂറോകപ്പ് എന്നിവയ്ക്ക് മുമ്പായി ലാറ്റിൻ അമേരിക്കയിലെ ശക്തരായ ബ്രസീലും യൂറോപ്പിലെ ശക്തരായ ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടും. മാർച്ച് 23ന് ഇംഗ്ലണ്ടിലെ വെമ്പ്ലി സ്റ്റേഡിയത്തിൽ വച്ചാണ് ഇരു ടീമുകളും തമ്മിലുള്ള സൗഹൃദ മത്സരം അരങ്ങേറാൻ ഒരുങ്ങുന്നത്. മാർച്ച് 26ന് യൂറോപ്പിലെ മറ്റൊരു വമ്പൻ ടീമായ ബെൽജിയമായും ഇംഗ്ലണ്ട് സൗഹൃദമത്സരം കളിക്കും.

എന്നാൽ നേരത്തെ വന്ന ചില റിപ്പോർട്ടുകൾ പ്രകാരം നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ഇംഗ്ലണ്ടുമായി മാർച്ച്‌ മാസത്തിൽ സൗഹൃദമത്സരം കളിക്കുമെന്നായിരുന്നു. എന്നാൽ അർജന്റീന VS ഇംഗ്ലണ്ട് സൗഹൃദ മത്സരത്തിനുള്ള സാധ്യതകൾ തകർന്നടിഞ്ഞിട്ടുണ്ട്. ബ്രസീലുമായി സൗഹൃദമത്സരം ഇംഗ്ലണ്ട് പ്രഖ്യാപിച്ചതോടെ അർജന്റീനയുമായുള്ള സൗഹൃദമത്സരത്തിന്റെ സാധ്യതകളും വളരെയധികം കുറഞ്ഞിരിക്കുകയാണ്.

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന കോപ്പ അമേരിക്ക കിരീടം നിലനിർത്തുവാൻ വേണ്ടിയാണ് അടുത്തവർഷം കളിക്കാൻ ഇറങ്ങുന്നത്. ലാറ്റിനമേരിക്കയിലെ ശക്തരായ ബ്രസീൽ ആവട്ടെ കോപ്പ അമേരിക്ക കിരീടം തിരിച്ച് പിടിക്കുവാൻ വേണ്ടിയാണ് 2024ൽ ബൂട്ട് അണിയുന്നതും. യൂറോകപ്പ്, കോപ്പ അമേരിക്ക ടൂർണമെന്റിനു മുൻപായി ശക്തരായ ദേശീയ ടീമുകൾ തമ്മിലുള്ള നിരവധി സൗഹൃദ മത്സരങ്ങളാണ് വരാൻ പോകുന്നത്.