1-3ന് പിറകിൽ നിന്ന ശേഷം സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ എട്ടാം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിനെതിരെ പിന്നിൽ തിരിച്ചുവന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത്. ഇരു ടീമുകളും മത്സരത്തിൽ മൂന്നു ഗോളുകൾ വീതമാണ് നേടിയത്. ബ്ലാസ്റ്റേഴ്സിനായി ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഘാന താരം പെപ്ര ക്ലബ്ബിനായുള്ള തന്റെ ആദ്യ ഗോൾ നേടി.ചെന്നയിനായി മുറ രണ്ടു ഗോളുകൾ നേടി.സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥനത്തേക്ക് ഉയർന്നു.

കൊച്ചിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു കൊണ്ട് ആദ്യ മിനുട്ടിൽ തന്നെ ചെന്നൈയിൻ ഗോളടിച്ചു.ഫ്രീകിക്കിൽ നിന്നാണ് ചെന്നൈയിൻ സ്കോർ ചെയ്തത്. റാഫേൽ ക്രിവെല്ലരോ എടുത്ത ഫ്രീകിക്ക് ഡെഫ്റ്റ് ബാക്ക് ഫ്ലിക്കിൽ നിന്ന് റഹീം അലി ഗോളാക്കി മാറ്റുകയായിരുന്നു. എന്നാൽ പതിനൊന്നാം മിനുട്ടിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് നേടിയ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു.പെപ്രയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ദിമി പിഴവ് കൂടാതെ ചെന്നൈയിൻ വലയിലെത്തിക്കുകയായിരുന്നു.

എന്നാൽ 13 ആം മിനുട്ടിൽ ചെന്നൈയിൻ സമനില പിടിച്ചു , നവോച്ചയുടെ ഫൗളിന് പെനാൽറ്റി ലഭിച്ചു.കിക്കെടുത്ത മുറെ പിഴവ് കൂടാതെ വലയിലെത്തിച്ചു സ്കോർ 2-1 ആക്കി ഉയർത്തി. 23 ആം മിനുട്ടിൽ ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും ഞെട്ടിച്ചു കൊണ്ട് മുറെ ചെന്നൈയിന്റെ മൂന്നാം ഗോൾ നേടി. 37 ആം മിനുട്ടിൽ പെപ്ര നേടിയ മനോഹരമായ ഗോൾ സ്കോർ 3 -2 ആയി കുറച്ചു.താരത്തിന്റെ ബ്ലാസ്റ്റേഴ്സിനായുള്ള ആദ്യ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയുടെ തുടക്കം മുതൽ സമനില ഗോളിനായി ആക്രമിച്ചു കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് കാണാൻ സാധിച്ചത്. 58 ആം മിനുട്ടിൽ ദിമിയിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടി.ബോക്‌സിന് പുറത്ത് നിന്നുള്ള മനോഹരമായ ഷോട്ടിലൂടെയാണ് ദിമി ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്. സമനില ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്‌സ് കളിയുടെ പൂർണമായ നിയന്ത്രണം ഏറ്റെടുത്തു.73 ആം മിനുട്ടിൽ പെപ്ര യുടെ പാസിൽ നിന്നുള്ള ലൂണയുടെ ഷോട്ട് പോസ്റ്റിന്‌രുമി പുറത്തേക്ക് പോയി.ഇഞ്ചുറി ടൈമിൽ ജാപ്പനീസ് താരം ഡെയ്സുകേക് വിജയ ഗോൾ നേടാൻ സുവർണാവസരം ലഭിച്ചു. മിലോസിന്റെ പാസിൽ നിന്നുമുള്ള താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.