ഏഷ്യൻ കപ്പിലെ രണ്ടാം മത്സരത്തിലും തോൽവിയുമായി ഇന്ത്യ | AFC Asian Cup 2023 

ഏഷ്യൻ കപ്പിലെ രണ്ടാം മത്സരത്തിലും തോൽവിയുമായി ഇന്ത്യ . എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഉസ്‌ബെക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഫൈസുല്ലേവ്, ഇഗോർ സെർജീവ് , നസറുല്ലേവ് എന്നിവരാണ് ഉസ്‌ബെക്കിന്റെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിലാണ് ഗോളുകൾ എല്ലാം പിറന്നത്. രണ്ടാം പകുതിയിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. തോൽവിയോടെ ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്നും പുറത്തായിരിക്കുകയാണ്.

മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ഉസ്‌ബെക്കിസ്ഥാൻ ലീഡ് നേടി. പെനാൽറ്റി ഏരിയയിലേക്ക് നസ്‌റുല്ലേവ് ഒരു ഇൻസ്വിങ്ങിംഗ് ക്രോസ് കൊടുത്തു.ഷുക്കുറോവിന്റെ ഹെഡ്ഡർ പാസ് ഫൈസുല്ലേവ് ഹെഡറിലൂടെ തന്നെ വലയിലാക്കി ഉസ്‌ബെക്കിസ്ഥാനെ മുന്നിലെത്തിച്ചു. ഉസ്‌ബെക്കിസ്താന്റെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. 18 ആം മിനുട്ടിൽ ഉസ്ബെക് ലീഡുയർത്തി.ഇന്ത്യൻ പ്രതിരോധത്തിലെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്.

ഇടതു വിങ്ങിൽ നിന്നും ഫൈസുല്ലേവ് കൊടുത്ത പാസ് മിശ്ര തടയാൻ ശ്രമിച്ചെങ്കിലും പോസ്റ്റിൽ തട്ടി തിരിച്ചുവരികയും റീബൗണ്ടിൽ ഇഗോർ സെർജീവ് അത് ഗോളാക്കി മാറ്റുകയും ചെയ്തു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ നസറുല്ലേവ് ഉസ്‌ബെക്കിന്റെ ലീഡ് മൂന്നാക്കി ഉയർത്തി.വലത് വശത്ത് നിന്ന് വന്ന ക്രോസ്സ് നസ്രുല്ലേവ് ഗോൾ ലക്ഷ്യമാക്കി അടിച്ചെങ്കിലും പോസ്റ്റിൽ തട്ടി തിരിച്ചെത്തി , റിബൗണ്ടിൽ നിന്ന് നസ്‌റുല്ലേവ് അനായാസ ഫിനിഷിലൂടെ സ്‌കോർ ചെയ്തു.

രണ്ടാം പകുതിയിലും ഉസ്‌ബെക്കിസ്ഥാന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത് . എന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുകയും ചെയ്തു.രാഹുൽ കെപിയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടി മടങ്ങുകയും ചെയ്തു .71 ആം മിനുട്ടിൽ രാഹുൽ ഭേക്കെയുടെ മികച്ചൊരു ഹെഡ്ഡർ ഉസ്ബക് ഗോൾകീപ്പർ തടുത്തിട്ടു. വലതു വിങ്ങിലൂടെ ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപിയുടെ മികച്ച മുന്നേറ്റങ്ങൾ കാണാൻ സാധിച്ചു.