‘തിരികെ വരാൻ അക്ഷമയോടുകൂടി കാത്തിരിക്കുകയാണ്’ : കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഹൃദയംഗമമായ സന്ദേശവുമായി അഡ്രിയാൻ ലൂണ|Kerala Blasters | Adrian Luna

പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ പരിക്കേറ്റ സൂപ്പർ താരം അഡ്രിയാൻ ലൂണ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വ്യകതമാക്കിയിരുന്നു.ജനുവരിയിൽ ലൂണയ്ക്ക് പകരം പുതിയ താരത്തെ ടീമിലെത്തിക്കുമെന്നും ഇവാൻ അറിയിച്ചിരുന്നു.

കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് സര്‍ജറിക്ക് വിധേയനായ ലൂണ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ മുംബൈക്കെതിരായ തകർപ്പൻ വിജയത്തിൽ ഒരു ഭീമാകാരമായ ടിഫോയായിരുന്നു മഞ്ഞപ്പട ലൂണക്ക് വേണ്ടി ഒരുക്കിയിരുന്നു. ‘റീചാര്‍ജ് ലൂണ, ആ മാജിക്കിനായി ഞങ്ങള്‍ കാത്തിരിക്കുന്നു’ എന്നാണ് അതിൽഎഴുതിയിരുന്നത് . ഇൻസ്റ്റാഗ്രാമിലൂടെ സ്നേഹത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് ലൂണ.

“നന്ദി സുഹൃത്തുക്കളേ, ഇത് ഒരുപാട് അർത്ഥമാക്കുന്നു. മുമ്പത്തേക്കാൾ ശക്തമായി തിരിച്ചുവരാൻ ഇത് എന്നെ പ്രേരിപ്പിക്കുന്നു. കളിക്കാർ മൈതാനത്ത് എല്ലാം നൽകി, മുംബൈക്കെതിരെ അർഹമായ വിജയം നേടുന്നത് കാണാൻ വളരെ സന്തോഷമായിരുന്നു.സ്റ്റേഡിയത്തിലെ അന്തരീക്ഷം ഇലക്ട്രിക്കായിരുന്നു, മെക്സിക്കോയിൽ നിന്ന് എനിക്ക് അത് അനുഭവപ്പെട്ടു. തിരികെ വരാൻ അക്ഷമയോടുകൂടി കാത്തിരിക്കുകയാണ് , എല്ലാവരെയും ഉടൻ കാണാം” ലൂണ എഴുതി.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ ലൂണ നിർണായക പങ്കാണ് വഹിച്ചത്.ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് ഉറുഗ്വേൻ മിഡ്ഫീൽഡർ, മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടി,26 അവസരങ്ങളും ക്രിയേറ്റ് ചെയ്തു.ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാവുമെന്നു കരുതിയെങ്കിലും മിഡ്ഫീൽഡർ ഇല്ലാതെ കളിച്ച രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിച്ചു.

ലൂണയില്ലാതെ പഞ്ചാബിനെതിരെയും മുംബൈയ്ക്കെതിരെയും വിജയിക്കാനായത് ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് 23 പോയിന്റാണുള്ളത്. 9 മത്സരങ്ങളില്‍ 23 പോയിന്റുള്ള ഗോവ എഫ്‌സിയാണ് ഒന്നാമത്. നാളെ മോഹന്‍ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മല്‍സരം.