
താജിക്കിസ്ഥാനെതിരെയുള്ള വിജയത്തോടെ ഇന്ത്യൻ ഫുട്ബോളിൽ ഖാലിദ് ജമീൽ യുഗത്തിന് ആരംഭം | Indian Football
ദുഷാൻബെയിൽ ആതിഥേയരായ താജിക്കിസ്ഥാനെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തി ഇന്ത്യ 2025 CAFA നേഷൻസ് കപ്പ് സീസണിന് തുടക്കം കുറിച്ചു, മധ്യേഷ്യൻ ടീമിനെതിരായ വിജയത്തിനായുള്ള 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. പുതിയ മുഖ്യ പരിശീലകൻ ഖാലിദ് ജാമിലിന്റെ നേതൃത്വത്തിലുള്ള ബ്ലൂ ടൈഗേഴ്‌സ് നീണ്ട ഇടവേളക്ക് ശേഷമാണ് വിജയം നേടുന്നത്.
അൻവർ അലി, സന്ദേശ് ജിങ്കൻ എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്.ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു പെനാൽറ്റി രക്ഷപ്പെടുത്തുകയും ചെയ്തു. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മലയാളി ലെഫ്റ്റ് ബാക്ക് മുഹമ്മദ് ഉവൈസാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. രണ്ടാം ഗോളിന് വഴിയൊരുക്കിയത് മറ്റൊരു ഫുൾ ബാക്കായ രാഹുൽ ഭേകെയാണ്. മത്സരത്തിന്റെ നാലാം മിനിറ്റിൽ മലയാളി താരം ഉവൈസിന്റെ ത്രോയില്‍ നിന്നുള്ള അന്‍വര്‍ അലിയുടെ ഹെഡര്‍ ഗോളാണ് ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചത്.
India has achieved victory in an away game after a remarkable 652 days!
— Football IND (@Football_IND15) August 30, 2025
Last win against Kuwait in away match.#IndianFootball #KhalidJamil pic.twitter.com/erk2n86Qhm
13-ാം മിനിറ്റില്‍ സെന്റര്‍ ബാക്ക് സന്ദേശ് ജിങ്കന്‍ ഇന്ത്യയുടെ രണ്ടാം ഗോളും നേടി.23-ാം മിനിറ്റില്‍ ഷാഹ്‌റോം സാമിയേവിലൂടെ താജിക്കിസ്ഥാന്‍ ഒരു ഗോള്‍ മടക്കി.26-ാം മിനിറ്റിൽ അൻവർ അലിയുടെ ഇടംകാലൻ ഷോട്ട് ലക്ഷ്യത്തിലേക്ക് കുതിച്ചെങ്കിലും, ഗോൾകീപ്പർ ഹസനോവ് അത് തട്ടിയകറ്റി അപകടം ഒഴിവാക്കി. മത്സരത്തിന്റെ 72 ആം മിനുട്ടിൽ ഗോൾ കീപ്പർ സന്ധു നിർണായക സേവ് നടത്തി. ബോക്സിനുള്ളിൽ വെച്ച് റുസ്തം സോയിറോവിനെ വിക്രം പർതാപ് സിങ് ഫൗൾ ചെയ്തതിന് താജിക്കിസ്ഥാന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു.
പെനാൽറ്റി എടുക്കാനെത്തിയ സോയിറോവിന്റെ ഷോട്ട്, ഗുർപ്രീത് ഒരു തകർപ്പൻ സേവിലൂടെ തടഞ്ഞു. 2008 ലെ എഎഫ്‌സി ചലഞ്ച് കപ്പിൽ സുനിൽ ഛേത്രിയുടെ ഹാട്രിക്കിന് ശേഷം താജിക്കിസ്ഥാനെതിരായ അവരുടെ ആദ്യ വിജയമാണിത്, കൂടാതെ ഏഴ് മത്സരങ്ങളിൽ മൊത്തത്തിൽ അവരുടെ രണ്ടാമത്തെ വിജയവുമാണിത്. ഈ ഫലം ജാമിലിന് സ്വപ്നതുല്യമായ തുടക്കം നൽകി, സെപ്റ്റംബർ 1 ന് ഐആർ ഇറാനെയും സെപ്റ്റംബർ 4 ന് അഫ്ഗാനിസ്ഥാനെയും നേരിടുന്ന ഗ്രൂപ്പ് ബിയിൽ നിന്ന് മുന്നേറാനുള്ള ഇന്ത്യയുടെ സാധ്യതയും വർദ്ധിപ്പിച്ചു.