ആവേശപ്പോരാട്ടത്തിൽ ഇഞ്ചുറി ടൈം ഗോളിൽ ന്യൂ കാസിലിനെ വീഴ്ത്തി ലിവർപൂൾ | Liverpool

ലിവര്പൂളിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി റിയോ എൻഗുമോഹ ചരിത്ര പുസ്തകങ്ങളിൽ ഇടം നേടി. ന്യൂകാസിൽ യുണൈറ്റഡിനെതിരെ സെന്റ് ജെയിംസ് പാർക്കിൽ ലിവർപൂളിനായി ഗോൾ നേടുമ്പോൾ ഇംഗ്ലീഷ് താരത്തിന് 16 വയസ്സും 361 ദിവസവും പ്രായമാണുണ്ടായിരുന്നത്.

മത്സരത്തിന്റെ( 90+10-ാം) മിനിറ്റിലെ ഗോൾ വെയ്ൻ റൂണിയുടെ വിജയ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫുട്ബോൾ കളിക്കാരനെന്ന എക്കാലത്തെയും പ്രീമിയർ ലീഗ് റെക്കോർഡ് തകർക്കാനും യുവതാരത്തെ സഹായിച്ചു.2002 ഒക്ടോബർ 19-ന് ആഴ്സണലിനെതിരായ മത്സരത്തിന്റെ 89-ാം മിനിറ്റിൽ എവർട്ടണിനായി വിജയഗോൾ നേടുമ്പോൾ റൂണിക്ക് 16 വയസ്സും 362 ദിവസവും പ്രായമുണ്ടായിരുന്നു.ലിവർപൂളിനായി 73-ാം നമ്പർ ജേഴ്‌സി ധരിച്ച എൻഗുമോഹ, മത്സരത്തിന്റെ 90+6-ാം മിനിറ്റിൽ കോഡി ഗാപ്‌കോയ്ക്ക് പകരക്കാരനായി ഇറങ്ങി, നാല് മിനിറ്റിനുശേഷം തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി നാടകീയമായ വിജയം ഉറപ്പാക്കി.

ലിവർപൂളിനായി, ഡച്ച് മിഡ്ഫീൽഡർ റയാൻ ഗ്രാവൻബെർച്ച് കളിയുടെ 35-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി, ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ മിനിറ്റിൽ ഹ്യൂഗോ എകിറ്റികെ ലീഡ് ഇരട്ടിയാക്കി. രണ്ട് ഗോളുകൾക്കും കോഡി ഗാക്പോ അസിസ്റ്റ് ചെയ്തു, ആൻഫീൽഡിൽ ബോൺമൗത്തിനെതിരെ നടന്ന അവസാന മത്സരത്തിൽ അദ്ദേഹം ഒരു ഗോൾ നേടി.56-ാം മിനിറ്റ് വരെ 10 പേരടങ്ങുന്ന ന്യൂകാസിൽ ടീമിനെതിരെ 2-0 ന് മുന്നിലായിരുന്നെങ്കിലും, ബ്രൂണോ ഗുയിമറേസും (57-ാം മിനിറ്റ്) വില്യം ഒസുലയും (88-ാം മിനിറ്റ്) ആതിഥേയർക്കായി ഗോൾ നേടിയതിനെത്തുടർന്ന് ലിവർപൂൾ പോയിന്റുകൾ നഷ്ടപ്പെടുത്തുമെന്ന അവസ്ഥയിലെത്തി. എന്നാൽ എൻഗുമോഹയുടെ ഗോൾ ലിവർപൂളിന്റെ രക്ഷക്കായെത്തി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ന്യൂ കാസിൽ താരം അന്തോണി ഗാർഡൻ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയിരുന്നു.ഈ വിജയത്തോടെ ലിവർപൂൾ രണ്ട് മത്സരങ്ങളിൽ നിന്ന് പരമാവധി പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്താണ് .