സീസണിലെ തങ്ങളുടെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും,എതിരാളികൾ ഹൈദരാബാദ് എഫ്‌സി | Kerala Blasters

പ്ലേഓഫ് മത്സരത്തിൽ നിന്ന് ഇരു ടീമുകളും പുറത്തായതിനാൽ, ഹൈദരാബാദ് എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും ഇന്ന് ഹൈദരാബാദിൽ നടക്കുന്ന 2024-25 ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ നിരാശാജനകമായ സീസണുകൾ ശുഭകരമായി അവസാനിപ്പിക്കാൻ ശ്രമിക്കും.പ്ലേഓഫ് ആരംഭിക്കുന്നതിന് മുമ്പുള്ള നിലവിലെ ഐഎസ്എൽ സീസണിലെ അവസാന ലീഗ് പോരാട്ടമാണിത്.

23 മത്സരങ്ങൾ വീതം കഴിഞ്ഞപ്പോൾ, ഹൈദരാബാദ് എഫ്‌സി 17 പോയിന്റുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്, അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 28 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. 2024 നവംബർ 7 ന് നടന്ന റിവേഴ്‌സ് മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി 2-1 ന് വിജയം നേടിയിരുന്നു. ഹൈദരാബാദ് എഫ്‌സി അവരുടെ അവസാന രണ്ട് ഐ‌എസ്‌എൽ മത്സരങ്ങളിലും ഒന്നിലധികം ഗോളുകൾ വഴങ്ങിയിട്ടുണ്ട്, രണ്ടിലും രണ്ട് ഗോളിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടു.

അവസാനത്തെ എവേ മത്സരത്തിൽ ഗോൾ നേടാൻ കഴിയാത്ത പ്രതിസന്ധിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോവക്കെതിരായ ആ മത്സരത്തിൽ ടീം തോറ്റത് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്. വീണ്ടും ഗോൾ നേടാൻ സാധിക്കാതിരുന്നാൽ, 2024 ഫെബ്രുവരി-മാർച്ച് മാസങ്ങൾക്ക് ശേഷം തുടർച്ചയായ മത്സരങ്ങളിൽ ഇത്തരത്തിൽ വഴങ്ങുന്നത് ആദ്യമായിരിക്കും.

ക്ലീൻ ഷീറ്റ് ഇല്ലാതെ അഞ്ച് മത്സരങ്ങളിലൂടെ കടന്നു പോയ കേരള ബ്ലാസ്റ്റേഴ്‌സ്, അവസാന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരായ മത്സരത്തിലെ 1 – 0 ജയത്തിലൂടെ ആ യാത്ര അവസാനിപ്പിച്ചു. സീസൺ അവസാനിക്കാനിരിക്കെ, 2023 ഡിസംബറിന് ശേഷം ആദ്യമായി തുടർച്ചയായ ക്ലീൻ ഷീറ്റുകൾ രേഖപെടുത്തുന്നതിലായിരിക്കും ടീമിന്റെ ശ്രദ്ധ.ഇതുവരെ 12 തവണ ഇരു ടീമുകളും ഐ‌എസ്‌എല്ലിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ അഞ്ച് മത്സരങ്ങളിൽ ഹൈദരബാദ് എഫ്‌സിയും ആറ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും വിജയിച്ചു. ഒരെണ്ണം സമനിലയിൽ കലാശിച്ചു.

ഹൈദരാബാദ് എഫ്‌സി ലൈനപ്പ്: അർഷ്ദീപ് സിംഗ്, മുഹമ്മദ് റാഫി, സ്റ്റെഫാൻ സപിക്, മനോജ് മുഹമ്മദ്, അലക്‌സ് സജി, ഐസക് വന്മൽസൗമ, ജോസഫ് സണ്ണി, എഡ്മിൽസൺ കൊറിയ, റാംഹ്ലുൻചുംഗ, എ ഡി സൂസ മിറാൻഡ, ആന്ദ്രേ ആൽബ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ലൈനപ്പ്: നോറ ഫെർണാണ്ടസ്, ഐബൻഭ ദോഹ്‌ലിംഗ്, ദുസാൻ ലഗറ്റോർ, മിലോസ് ഡ്രിൻസിച്ച്, എച്ച്എൻ സിംഗ്, വിബിൻ മോഹനൻ, കെ സിംഗ് തിങ്കുജം, അഡ്രിയാൻ ലൂണ, മുഹമ്മദ് ഐമെൻ, ക്വാമെ പെപ്ര, ഇഷാൻ പണ്ഡിറ്റ