‘ഗെയിം പ്ലാൻ പോലെ തന്നെ ഞങ്ങൾ കളിച്ചു…’ : കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽ‌വിയിൽ നിരാശ പ്രകടിപ്പിച്ച് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്‌സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി.വിജയത്തോടെ ഹൈദരാബാദ് ആകെ ഏഴ് പോയിൻ്റായി പോയിന്റ് പട്ടികയിൽ 11-ാം സ്ഥാനത്ത് തുടരുമ്പോൾ തുടർച്ചയായ മൂന്നാം തോൽവിക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് 10-ാം സ്ഥാനത്ത് നിൽക്കുകയാണ്.

ഹൈദരാബാദിനായി ബ്രസീലിയന്‍ താരം ആന്ദ്രെ ആല്‍ബ ഇരട്ടഗോള്‍ നേടി. 43, 70 (പെനല്‍റ്റി) മിനിറ്റുകളിലായിരുന്നു ഹൈദരാഹാദിന്റെ ഗോള്‍.കോറു സിങ്ങിന്റെ പാസില്‍ നിന്ന് ജീസസ് ജിമെനെസാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നേടിയത്.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ തൻ്റെ ടീം സമനില ഗോൾ വഴങ്ങിയതിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ചിന് അതൃപ്തിയുണ്ടായിരുന്നു. മനസ്സിൽ കരുതിയ ഗെയിം പ്ലേയിൽ ഊന്നി കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചെന്നും ഗോളടിച്ചത് ആ തന്ത്രങ്ങളിൽ ആണെന്നും പരിശീലകൻ വ്യക്തമാക്കി. ആദ്യ പകുതിയിൽ ടീം കളി നിയന്ത്രിച്ചെന്നും എന്നാൽ പകുതി അവസാനിരിക്കെ വഴങ്ങിയ ഗോൾ നിരാശയുണ്ടാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ വളരെ നന്നായി തുടങ്ങിയെന്ന് കരുതുന്നു. ഞങ്ങൾ കളിച്ചത്, ഞങ്ങൾ ഉദ്ദേശിച്ച ഗെയിം പ്ലാനിൽ ഊന്നിയാണ്. വൈഡ് ഏരിയകൾ നന്നായി ഉപയോഗിച്ചു. ആദ്യ ഗോൾ പിറന്നത് ഞങ്ങൾ കരുതിയപോലെതന്നെയാണ്. ആദ്യ പകുതിയിൽ ഞങ്ങൾ കളി നന്നായി നിയന്ത്രിച്ചതുപോലെ എനിക്ക് തോന്നി. പക്ഷെ, എവിടുന്നില്ലാതെ വന്ന ഒരു ഷോട്ട് ഞങ്ങൾ വഴങ്ങി. രണ്ടാം പകുതിയിൽ ഞങ്ങൾ മാറ്റങ്ങൾ വരുത്തി. നോഹയെ കളത്തിലിറക്കി. എങ്കിലും, ആദ്യ പകുതിയുടെ അവസാനത്തിൽ ഗോൾ വഴങ്ങിയത് നിരാശാജനകമായിരുന്നു” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

“ഞാൻ സാധാരണയായി റഫറിമാരെ വിമർശിക്കുന്ന ആളല്ല, പക്ഷേ പെനാൽറ്റി തീരുമാനം അനാവശ്യമാണെന്ന് തോന്നി. നിർഭാഗ്യവശാൽ, അത് കളിയുടെ ഗതി മാറ്റി,ആ നിമിഷം ഞങ്ങളുടെ പ്രകടനത്തെ ബാധിച്ചു’മിക്കേൽ സ്റ്റാറെ പറഞ്ഞു.