കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ക്ലബ് ഡയറക്ടർ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ സെപ്റ്റംബർ 13നാണ് തുടക്കമാവുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനും ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും തമ്മിൽ കൊൽക്കത്തയിലാണ് ഉദ്ഘാടന മത്സരം. സെപ്റ്റംബർ 15നാണ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിനിറങ്ങുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ.

വലിയ പ്രതീക്ഷകളോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഇറങ്ങുന്നത്. എന്നാൽ ഡ്യൂറൻഡ് കപ്പിലെ മോശം പ്രകടനത്തിനും ട്രാൻസ്ഫർ വിൻഡോയിലെ പല ഇടപെടലിനെതിരെയും ക്ലബ്ബിനെതിരെ ആരാധകർ വലിയ വിമര്ശനം ഉന്നയിച്ചിരുന്നു.ക്ലബ്ബിനെതിരെ ആരാധക ഗ്രൂപ്പായ മഞ്ഞപ്പട നടത്തിയ വിമർശനങ്ങൾക്കെതിരെ മറുപടി നൽകി കേരളാ ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ നിമ്മഗദ്ദ. “ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്‍റിനെയും ക്ലബ്ബിനെയും ലക്ഷ്യം വച്ചുള്ള തുടർച്ചയായ ആരോപണങ്ങൾക്കും വിമര്‍ശനങ്ങൾക്കും വ്യക്തത വരുത്താനാണ് ഈ പോസ്റ്റ്. ചിലർ ഞങ്ങളെ അവഹേളിക്കാൻ ബോധപൂര്‍വം പ്രചരിപ്പിക്കുന്ന അര്‍ധസത്യങ്ങളെക്കുറിച്ചും കിംവദന്തികളെക്കുറിച്ചും മറുപടി നല്‍കണമെന്ന് തോന്നി’.

‘എന്തുകൊണ്ടാണ് ഞങ്ങൾ ഇത്രയും കാലം മിണ്ടാതിരുന്നതെന്ന് ആരാധകര്‍ കരുതിയേക്കാം. പരിശീലന സൗകര്യങ്ങൾ, ടൈറ്റിൽ സ്പോൺസർമാർ, കിറ്റിംഗ് പങ്കാളികൾ തുടങ്ങിയവയെക്കുറിച്ച് ധാരണയാവുന്നതുവരെ ഒരു ക്ലബ്ബും അവയെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കാറില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഞങ്ങളുടെ മൗനത്തെക്കുറിച്ച് മോശമായ രീതിയിലുള്ള പ്രചാരണമാണ് ആരാധകര്‍ക്കിടയില്‍ നടന്നത്” അദ്ദേഹം പറഞ്ഞു.

“കേരള ബ്ലാസ്റ്റേഴ്‌സ് വലിയൊരു കുടുംബമാണ്. ആരാധകരും ഈ കുടുംബത്തിന്റെ ഭാഗമാണ്. കുടുംബത്തിലെ അംഗങ്ങൾ തമ്മിൽ സന്തോഷങ്ങളും പരിഭവങ്ങളും നിരാശകളും പങ്കു വെക്കുന്നത് സ്വാഭാവികമായ കാര്യമാണ്. ആരാധകർക്ക് സ്നേഹവും അഭിനിവേശവും ഏറ്റവും ഉയർന്ന രൂപത്തിൽ പ്രകടിപ്പിക്കാൻ അവകാശമുള്ളതു പോലെത്തന്നെ ആശങ്കകൾ പങ്കു വെക്കാനും അവകാശമുണ്ട് .ആരാധകരുടെ ഈ അവകാശം ഞങ്ങൾ മനസിലാക്കുന്നു. അതേസമയം ആരാധകരുമായി തുറന്ന ചർച്ചകൾ നടത്താനുള്ള നടപടിയുണ്ടാകും” അദ്ദേഹം പറഞ്ഞു.

“പുതിയ കളിക്കാരെ സൈന്‍ ചെയ്യുന്ന കാര്യത്തില്‍ ഞങ്ങളുടെ ഭാഗത്തുനിന്ന് കാലതാമസം വന്നുവെന്ന് ഞങ്ങൾ സമ്മതിക്കുന്നു, പക്ഷേ, ഡ്യൂറൻഡ് കപ്പിന് മുമ്പായി പുതിയ കളിക്കാരുമായി കരാര്‍ ഒപ്പിടുമെന്ന് പറഞ്ഞത് വെറുതെയായിരുന്നില്ല. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. എങ്കിലും പുതിയ കളിക്കാരെ എത്തിക്കുന്നതില്‍ ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണ്. അക്കാര്യത്തില്‍ നുണപറയേണ്ട കാര്യം മാനേജ്മെന്‍റിനില്ല”ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ പറഞ്ഞു.

“10 വർഷമായി ഞങ്ങൾ വിജയിച്ചിട്ടില്ലെന്ന് ഇതേ ആളുകളിൽ പലരും കുറ്റപ്പെടുത്തുന്നു, ഞങ്ങൾ ക്ലബ്ബിൽ വന്നത് 2016/17 ൽ മാത്രമാണെന്ന് പോലും അറിയില്ല. 2020/21-ൽ മാത്രമാണ് ഞങ്ങൾ ഫുട്ബോൾ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്.അതുമുതൽ, ക്ലബ്ബിൻ്റെ വളർച്ചയുടെയും മെച്ചപ്പെടുത്തലിൻ്റെയും മറ്റ് നിരവധി മേഖലകൾക്കിടയിൽ ഞങ്ങൾ തുടർച്ചയായി 3 പ്ലേഓഫുകൾ നടത്തി. ഞങ്ങൾക്ക് ഇതുവരെ ഒരു ട്രോഫി ഇല്ലെന്ന് ഞാൻ പൂർണ്ണമായി മനസ്സിലാക്കുകയും നിരാശപ്പെടുകയും ചെയ്യുന്നു, പക്ഷേ ഞങ്ങൾ എങ്ങനെ വിജയം നേടണം എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് ഞങ്ങൾക്കുണ്ട്, ഞങ്ങൾ അത് നേടും”ഡയറക്ടര്‍ പറഞ്ഞു.