24-കാരനായ അർജന്റീനിയൻ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ? | Kerala Blasters

ഇത്തവണ ട്രാൻസ്ഫർ ലോകത്ത് അതിവേഗം മുന്നേറ്റം ആരംഭിച്ച ഇന്ത്യൻ ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായ ദിവസങ്ങളിൽ ഡൊമസ്റ്റിക് സൈനിങ്ങുകളും, വിദേശ സൈനിങ്ങുകളും പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആരാധകരെ ആവേശത്തിൽ ആക്കി. എന്നാൽ, ഒരു വിദേശ സ്ട്രൈക്കറെ കണ്ടെത്തുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് ലാഗ് അടിപ്പിച്ചത് ആരാധകരെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരനായ ദിമിത്രിയോസ് ഡയമന്റകോസിനെ, അദ്ദേഹം ആവശ്യപ്പെട്ട സാലറിയോട് ഒത്തുപോകാത്തതിനെ തുടർന്ന് ടീം വിടാൻ അനുവദിച്ച കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് വലിയ പ്രതിഷേധം ആരാധകർക്ക് ഉണ്ടായിരുന്നു. 2023-2024 ഐഎസ്എൽ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ ദിമിത്രിയോസ് ഡയമന്റകോസ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾഡൻ ബൂട്ട് വിന്നർ കൂടിയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ,ആകെ 44 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളാണ് ഈ ഗ്രീക്ക് താരം നേടിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്തുന്നതിനായി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരിശ്രമം തുടർന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, 24-കാരനായ അർജന്റീനിയൻ സ്ട്രൈക്കർ ഫെലിപ്പെ പസഡോറുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തി വരികയാണ്. ബൊളീവിയൻ ക്ലബ്ബ് സിഡിഎസ്എ ബുലോക്ക്‌ വേണ്ടി കഴിഞ്ഞ സീസണിൽ കളിച്ച താരം, 15 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിക്കൊണ്ട്,ബൊളീവിയൻ ലീഗിലെ ടോപ്പ് സ്കോറർ ആയിരുന്നു.

രണ്ട് സീസണുകളിൽ സിഡിഎസ്എ ബുലോക്ക്‌ വേണ്ടി കളിച്ച ഫെലിപ്പെ പസഡോർ, ക്ലബ്ബിനുവേണ്ടി ആകെ 34 കളികളിൽ നിന്ന് 27 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഐഎസ്എൽ ടോപ്പ് സ്കോറർക്ക് പകരക്കാരനായി, ബൊളീവിയൻ ലീഗിലെ ടോപ്പ് സ്കോററെ എത്തിക്കാൻ സാധിച്ചാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ മുതൽക്കൂട്ടാകും