ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേസിനെ പുറത്താക്കി ബെംഗളൂരു സെമിയിൽ | Kerala Blasters

ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ ബെംഗളുരുവിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഇഞ്ചുറി ടൈമിൽ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസ് നേടിയ ഗോളിനായിരുന്നു ബംഗ്ലുരുവിന്റെ ജയം. 1 -0 എന്ന സ്കോറിനായിരുന്നു ബെംഗളുരുവിന്റെ ജയം.

കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയോടെയാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ ഗോൾകീപ്പർ സോം കുമാറിനെ പരിക്ക്‌ മൂലം നഷ്ടമായി. പകരം സച്ചിൻ സുരേഷാണ് വല കാത്തത് . ആദ്യ പകുതിയിൽ ബോൾ കൂടുതൽ കൈവശം വെച്ചത് ബെംഗളൂരു ആയിരുന്നെങ്കിലും ഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചത് കേരള ബ്ലാസ്റ്റേഴ്സിന് ആയിരുന്നു.

പെപ്ര ബോക്‌സിനുള്ളിൽ പന്ത് നേടുകയും ബോക്‌സിൻ്റെ ഇടതുവശത്ത് നിന്ന് മികച്ചൊരു ഷോട്ട് എടുത്തെങ്കിലും കീപ്പർ ഗുർപ്രീത് രക്ഷപെടുത്തി. നോഹയുടെ ഷോട്ടും ഗോൾകീപ്പർ രക്ഷപെടുത്തി. രണ്ടാം പകുതിയിൽ ബെംഗളൂരിവിന്റെ ഭാഗത്ത് നിന്നും കൂടുതൽ മുന്നേറ്റങ്ങൾ കാണാൻ സാധിച്ചു. 65 ആം മിനുട്ടിൽ ഡയസിന് ഗോൾ നേടാൻ മികച്ച ഒരു അവസരം ലഭിച്ചിരുന്നു.

മത്സരം അവസാന പത്തുമിനുട്ടിലേക്ക് കടന്നതോടെ മത്സരത്തിൻ്റെ വേഗത കുറഞ്ഞു.നിശ്ചിത സമയത്ത് മത്സരം സമനിലയിൽ ആണെങ്കിൽ ഗെയിം നേരിട്ട് പെനാൽറ്റിയിലേക്ക് പോവും. ഇഞ്ചുറി ടൈമിൽ ഗോൾ നേടാനുള്ള മികച്ച അവസരം ബെംഗളുരുവിനു ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. തൊട്ടടുത്ത മിനുട്ടിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസ് നേടിയ ഗോളിൽ ബെംഗളൂരു ലീഡ് നേടി.