കേരള ബ്ലാസ്റ്റേഴ്‌സിൽ അരങ്ങേറ്റംക്കുറിച്ച് മലയാളി യുവ താരം ശ്രീക്കുട്ടൻ | Kerala Blasters

മലയാളികളായ യുവ താരങ്ങളെ അവസരങ്ങൾ കൊടുത്ത് വളർത്തിയെടുക്കുന്നതിൽ വലിയ താല്പര്യം കാണിക്കുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ സീസണിലും നിരവധി അക്കാദമി താരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നത്.രാഹുൽ കെപി, സച്ചിൻ സുരേഷ്, അയ്മൻ, അസർ എന്നി താരങ്ങൾ എല്ലാം അങ്ങനെ ഉയർന്നുവന്നവരാണ്.ഇക്കൂട്ടത്തിലേക്ക് പുതിയൊരു താരം കൂടി വന്നെത്തിയിരിക്കുകയാണ്.

തിരുവനന്തപുരം കാരനായ ശ്രീക്കുട്ടൻ എംഎസ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരായ ഡ്യുറണ്ട് കപ്പ് മത്സരത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ശ്രീക്കുട്ടൻ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. 19-കാരനായ സെന്റർ ഫോർവേഡ്, കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 21 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. ഇപ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ അദ്ദേഹം അരങ്ങേറ്റം നടത്തിയിരിക്കുന്നു.സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരായ മത്സരത്തിൽ, കളിയുടെ 70-ാം മിനിറ്റിൽ മുഹമ്മദ്‌ ഐമന് പകരക്കാരനായി ആണ് ശ്രീക്കുട്ടൻ കളത്തിൽ എത്തിയത്.

അവസാന 30 മിനിറ്റുകൾ അദ്ദേഹത്തിന് കളിക്കാൻ സാധിച്ചു. ശ്രീക്കുട്ടന്റെ കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റത്തിലുള്ള തന്റെ സന്തോഷം അദ്ദേഹത്തിന്റെ സഹതാരം കൂടിയായിരുന്ന നിഹാൽ സുധീഷ് സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചു. ശ്രീക്കുട്ടൻ മൈതാനത്ത് ഇറങ്ങുന്നതിന്റെ ചിത്രം പങ്കുവെച്ച്, “വളരെ അധികം സന്തോഷം ഉണ്ട് സഹോദരാ!! മുന്നോട്ട് പോവുക,” നിഹാൽ സുധീഷ് പ്രതികരിച്ചു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച നിഹാൽ, വരും സീസണിൽ പഞ്ചാബ് എഫ്സിക്ക് വേണ്ടി കളിക്കുന്നു. ലോൺ അടിസ്ഥാനത്തിൽ ആണ് നിഹാൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടിരിക്കുന്നത്. ശ്രീക്കുട്ടനെ കൂടാതെ മുന്നേറ്റ നിരയിൽ മുഹമ്മദ് അജ്സെൽ എന്ന പുതുമുഖവും ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉണ്ട്.